തിരുവനന്തപുരം: ഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസം ലയണല്‍ മെസിയെ സ്വന്തം നാട്ടില്‍ നേരിട്ട് കാണാന്‍ കേരള ജനതയ്ക്ക് സുവര്‍ണാവസരം ഒരുങ്ങുന്നു. ലോകചാമ്പ്യന്മാരായ മിശിഹയും സംഘവും അടുത്ത വര്‍ഷം കേരളത്തിലെത്തും. കായികമന്ത്രി വി അബ്ദു റഹിമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് മത്സരമാണ് അര്‍ജന്റീന ദേശീയ ടീമിന് കേരളത്തില്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം.
സ്പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം എടുക്കേണ്ടത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാകും മത്സരങ്ങള്‍ നടക്കുക. എതിരാളികളെ തീരുമാനിച്ചിട്ടില്ല. വിദേശ ടീം ആകാനാണ് സാധ്യത. മത്സര വേദിയായി കൊച്ചിക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയപ്രതീക്ഷ: രാഹുല്‍ മാങ്കൂട്ടത്തില്‍
കായികമന്ത്രിയുടെ മാസങ്ങളായുള്ള ശ്രമഫലമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഫുട്ബോള്‍ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്നു എന്ന വാര്‍ത്തയെ ആവേശത്തോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്.
തീരുമാനത്തെ കേരളത്തിലെ വ്യാപാരി സമൂഹവും സ്വാഗതം ചെയ്തു. മെസിയുടേയും സംഘത്തിന്റെയും വരവ് കേരളത്തിലെ വ്യാപാരി സമൂഹത്തിന് വലിയ ഉണര്‍വുണ്ടാക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു.