കൊച്ചി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവ്വീസിന് വലിയ പ്രതികരണം ലഭിച്ചു, ആദ്യ ദിവസത്തില്‍ തന്നെ 1.18 ലക്ഷം രൂപയുടെ കളക്ഷൻ നേടി. ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളേജ്, കളമശേരി-കുസാറ്റ് എന്നീ റൂട്ടുകളിലാണ് ഇന്നലെ ബസുകൾ സർവ്വീസ് നടത്തിയിരുന്നത്. എയർപോർട്ട് റൂട്ടിൽ നാലും കളമശേരി റൂട്ടിൽ രണ്ടും ബസുകൾ സർവ്വീസ് നടത്തുകയും 1855 പേരാണ് ഈ ദിവസം യാത്ര ചെയ്യുകയും ചെയ്തത്. എയർപോർട്ട് റൂട്ടിൽ 1345 യാത്രക്കാരും കളമശേരി റൂട്ടിൽ 510 പേരും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റുള്ള റൂട്ടുകളിൽ അഞ്ചു കിലോമീറ്റർ യാത്രയ്ക്ക് 20 രൂപ മിനിമം നിരക്കുമാണ്. തിരക്കുള്ള സമയത്ത് 20 മിനിറ്റ് ഇടവിട്ട് എയർപോർട്ട് റൂട്ടിൽ സർവ്വീസ് ഉണ്ടായിരിക്കും. എന്നാൽ തിരക്കില്ലാത്ത സമയത്ത് 30 മിനിറ്റ് ഇടവിട്ടാകും സർവ്വീസ് ലഭ്യമാകുക. സർവ്വീസ് രാവിലെ 6.45-ന് ആരംഭിച്ച്, രാത്രി 11-ന് അവസാനിക്കും. കളമശേരി-മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് 30 മിനിറ്റ് ഇടവിട്ട് രാവിലെ 8.30-മുതൽ വൈകിട്ട് 7.30-വരെയാണ്.
പരിസ്ഥിതിയോട് അനുയോജ്യമായ സുഖകരമായ യാത്രയ്ക്കായി കൊച്ചി മെട്രോയുടെ ഗുണമേന്മയുള്ള ബസുകൾ 33 സീറ്റുകളോടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ മൊബൈൽ ചാർജിംഗിനായി USB പോർട്ടും ലഭ്യമാണ്. ഹൈക്കോടതി-എംജി റോഡ്, കടവന്ത്ര-കെ.പി വള്ളോൻ റോഡ്, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ട്രേറ്റ് തുടങ്ങിയ മറ്റ് റൂട്ടുകളിലും ഉടൻ സർവ്വീസ് തുടങ്ങും.
Also Read; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സെറോദ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്