എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായതിനെ തുടർന്ന് മിഹിർ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവൻ ഒടുക്കിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും തുടർനടപടികൾക്കും സർക്കാർ നിർദ്ദേശം നൽകുകയുണ്ടായിയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പതിനഞ്ചുകാരനായ മിഹിർ 2025 ജനുവരി 15 ന് തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ ഇരുപത്തിയാറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മരണപ്പെടുന്നതിന് തലേ ദിവസം സ്കൂളിനുള്ളിൽ വച്ചും സ്കൂൾ ബസിനുള്ളിൽ വച്ചും തന്റെ മകന് ചില വിദ്യാർത്ഥികളിൽ നിന്ന് അതിക്രൂരമായ റാഗിങ്ങും ശാരീരിക ഉപദ്രവവും അനുഭവിക്കേണ്ടി വന്നതായി മകന്റെ കൂട്ടുകാരിൽ നിന്നും, സാമൂഹ്യ മാധ്യമ സന്ദേശങ്ങളിൽനിന്നും തങ്ങൾക്ക് വിവരം ലഭിച്ചതായി കുട്ടിയുടെ മാതാവ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. മിഹിറിന്റെ മരണത്തിൽ പ്രതികരിച്ച സിനിമതാരങ്ങളും രംഗത്തെത്തിയിരുന്നു. കൂടാതെ നിർണായക തെളുവുകളായി ചില സ്ക്രീൻ ഷോർട്ടുകളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.