പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രി എ കെ ശശീന്ദ്രന്, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ എന്‍സിപി ആരംഭിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടിയാണ് നോട്ടീസയച്ചത്.

എ കെ ശശീന്ദ്രനും തോമസ് കെ തോമസും പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചിഹ്നത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. എന്‍സിപിയുടെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ തുടര്‍ച്ചയായി പരസ്യപ്രസ്താവന നടത്തുന്നതായി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്‍സിപി യുടെ നിലപാടുകള്‍ക്കെതിരെ നില്ക്കുന്ന എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളുമായി സഹകരിക്കുകയും അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന എന്‍സിപി എസ് ( ശരദ് പവാര്‍ വിഭാഗം ) ല്‍ അംഗത്വം എടുത്തതായി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരു ജനപ്രതിനിധികളും എന്‍സിപി യുടെ പരിപാടികളില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പങ്കെടുത്തിട്ടില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്‍സിപി ആരംഭിച്ചിട്ടുള്ളത്.

നിയമസഭ ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അച്ചടക്കലംഘനം നടത്തിയ എ കെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കാന്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഇത്തരം നിയമനടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നോട്ടീസ് കിട്ടി 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കി ഇരുവരേയും അയോഗ്യരാക്കുന്നതിനുള്ള നിയമനടപടി സ്വീകരിക്കുമെന്നും എന്‍എ മുഹമ്മദ് കുട്ടി നല്കിയ നോട്ടീസില്‍ പറയുന്നു.