ഹരിയാനയിൽ ഭരണം നിലനിർത്താൻ വാഗ്ദാനങ്ങളിലും മത്സരത്തോടെ എത്തിയിരിക്കുകയാണ് ബിജെപി. വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്. രണ്ടു ലക്ഷം പേർക്ക് തൊഴിൽ, അഗ്നിവീറുകൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ 24 നാണ്യവിളകള്‍ക്ക് താങ്ങുവില തുടങ്ങിയവ ഉൾപ്പെടുന്ന ആകര്‍ഷക പ്രകടന പത്രികയാണ് റോഹ്തകിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ പുറത്തിറക്കിയിരിക്കുന്നത്.
ബി.ജെ.പി ഭരണത്തിൽ ഹരിയാനയിലുണ്ടാകുന്ന പുരോഗതി പ്രകടമാണെന്നും വീണ്ടും അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എൻജിനീയറിങ് കോളജുകളില്‍ പഠിക്കുന്ന ഒ.ബി.സി, എസ്.സി വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്, ഗ്രാമങ്ങളിൽ നിന്ന് കോളജുകളില്‍ പോകുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്കൂട്ടർ, 10 വ്യാവസായിക നഗരങ്ങൾ, ആരോഗ്യസംരക്ഷണ സംരംഭമായ ചിറയു ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ പ്രതിവർഷം നൽകുന്ന അഞ്ചു ലക്ഷം രൂപ 10 ലക്ഷമായി ഉയർത്തൽ തുടങ്ങിയ 20 ഉറപ്പുകളാണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്.
മുഖ്യമന്ത്രി നായബ് സിങ് സൈനി, കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടര്‍, റാവു ഇന്ദര്‍ജിത്ത് സിങ്, സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജാതി സെന്‍സസ്, സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, വാര്‍ധക്യ, വികലാംഗ, വിധവാ പെന്‍ഷനുകൾ 6000 രൂപയായി ഉയർത്തൽ തുടങ്ങി വാഗ്ദാനങ്ങളുള്ള കോൺഗ്രസ് പ്രകടന പത്രിക ബുധനാഴ്ചയാണ് പുറത്തിറക്കിയത്.
10 വർഷമായി ഹരിയാന ഭരിക്കുന്ന ബി.ജെ.പി സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരവും കർഷക രോഷവുമാണ് നേരിടുന്നത്. സീറ്റ് ലിഭിക്കാത്ത സിറ്റിങ് എം.എൽ.എമാരിൽ പലരും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്നതും പ്രതിസന്ധിയാണ്. ഭൂരിപക്ഷം ലഭിച്ചാൽ മുതിർന്ന നേതാവായ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് അവകാശവാദമുന്നയിച്ച് മന്ത്രി അനിൽ വിജ് രംഗത്തെത്തുകുയും ചെയ്തു.