കൊച്ചി: ഓസ്കാർ വേദിയിൽ അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗൺ വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് . അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് അനന്യ ശാന്‍ഭാഗിനായി വസ്ത്രം തയ്യാറാക്കിയത്.അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്.
ലോകം പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയുമാണ് ഓസ്കര് വേദിയിലെ കേരളത്തിന്റെ സാന്നിധ്യം എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .