പല സാധനങ്ങൾക്കും തീവില ആയതിനാൽ വിമാനത്താവളങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ മിക്കവർക്കും മടിയായിരിക്കും.
എന്നാൽ ഇതിന് പരിഹാരമായി ‘ഉഡാൻ യാത്രി കഫെ’ അവതരിപ്പിച്ചിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. മിതമായ നിരക്കില്‍ വാട്ടർ ബോട്ടിലുകള്‍, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കള്‍ ഉഡാൻ യാത്രി കഫെയില്‍ നിന്നും ലഭ്യമാകും. പദ്ധതി വിജയകരമായാല്‍ ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഉഡാൻ പദ്ധതി നേരെത്തെ നടപ്പാക്കിയിരുന്നു. ഇതോടെയാണ് ആഭ്യന്തര യാത്രക്കാർ കൂട്ടത്തൊടെ ആകാശയാത്രയിലേക്ക് മാറിയത് . കൂടിയ വില നല്കി ഭക്ഷണം വാങ്ങാനുള്ള ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഇത്തവണ കഫെ ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ ആരംഭിച്ച ആദ്യ കഫെയുടെ ഉദ്ഘാടനം വ്യോമയാന മന്ത്രി കെ രാംമോഹനാണ് നിർവഹിച്ചത് .