കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മായാ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് മൂവരും കൊടുംവനത്തിൽ പോയത് .
കാട്ടിനുള്ളിൽ കുറച്ചുദൂരം നടന്നതിന് ശേഷമാണ് വഴിതെറ്റിയ കാര്യം മനസിലാക്കുന്നത്. കാട്ടാനയെ കണ്ടു ഭയന്ന് ഇവർ പരസ്പരം ചിതറി ഓടി. വൈകുന്നേരം നാലുമണിയോടെ മായ ഭർത്താവിനെ ഫോണിൽ വിളിച്ചു. താൻ പാറപ്പുറത്ത് ഇരിക്കുന്നുണ്ടെന്നും വെള്ളം കൊണ്ടുവരണമെന്നും മായ പറഞ്ഞിരുന്നു.എന്നാൽ ഉടനെ മായയുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തോടെ കൂടുതൽ ആശങ്ക വർദ്ധിപ്പിച്ചു.
പൊലീസ്, ഫയർ ഫോഴ്സ്, വനംവകുപ്പ്, നാട്ടുകാർ, എല്ലാരുടെയും സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. രാവിലത്തെ തിരച്ചിലിൽ അറക്കമുത്തി ഭാഗത്തുള്ള പാറപ്പുറത്ത് നിന്ന് മൂവരെയും കണ്ടെത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് അറിയിച്ചു..