കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദയാബായി. ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ പോലും മൊബൈൽ ഫോൺ വേണം. 18 തികയാതെ കുട്ടികൾക്ക് ഫോൺ നൽകരുത്. അതിന് കൃത്യമായ നിയമം ഉണ്ടാകണം. മൊബൈൽ ഫോണുമായി നടക്കുന്ന കുട്ടികൾ മറ്റേതോ ലോകത് നടക്കുന്നതുപോലെയാണെന്നും ദയാബായി കൂട്ടിച്ചേർത്തു.
സ്വന്തം മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾക്കും വിദ്യാർഥികൾ ഇതുപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്കും കഴിയണമെന്നും ദയാബായി പറഞ്ഞു. സെന്റ്. ആൽബർട്സ് കോളേജ് സാമൂഹിക പ്രവർത്തന വിഭാഗവുമായി ചേർന്ന് സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക സാമൂഹിക പ്രവർത്തന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ദയാബായി ഇക്കാര്യം പറഞ്ഞത്.