കേന്ദ്ര സർക്കാരിനെതിരെയുള്ള എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നും എൻഡിഎയിൽ ചേർന്നാൽ തമിഴ്നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തി. ഈ കാര്യം കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ തമിഴ്നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസർക്കാർ മറ്റു സംസ്ഥാനങ്ങൾക്കു വകമാറ്റി നൽകിയതായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ബാലുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്നാട് ബിജെപി ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി പറഞ്ഞത് .ഹിന്ദി അറിയാത്തയാളാണ് ബാലുവെന്നും അതുകൊണ്ടാണ് മോദി പറഞ്ഞത് മനസ്സിലാവാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.