മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചലച്ചിത്ര താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ മോഹൻലാൽ. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ബറോസിന്റെ’ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. ‘ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ സിനിമകളുണ്ട്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചിത്രങ്ങളും. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നവരാണ്.
ഞങ്ങൾ തമ്മിൽ മത്സരമേതുമില്ല. ഇന്നും ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. ഞങ്ങളുടെ മക്കൾ ഒന്നിച്ചു വളർന്നവരാണ്. ഞങ്ങൾ തമ്മിൽ എന്നല്ല, മറ്റാരുമായും മത്സരമില്ല,’ മോഹൻലാൽ വ്യക്തമാക്കി. ഒരേ സ്ക്രീനിൽ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നവരാകും രണ്ടുപേരുടെയും ആരാധകർ. ‘നമ്പർ 20 മദ്രാസ് മെയിൽ’ ട്രെയിൻ യാത്രയ്ക്കിടെ നടൻ മമ്മൂട്ടിയെ കാണുന്ന ആരാധകനായ ടോണി കുരിശിങ്കലിനെയാണ് മോഹൻലാൽ അവതരിപ്പിച്ചതെങ്കിൽ, ആരാധകനെ സ്നേഹത്തോടെ സ്വീകരിക്കുന്ന നടനെയും പ്രേക്ഷകർ ഒരേപോലെ സ്വീകരിച്ചിരുന്നു. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ഹരിയെയും കൃഷ്ണനെയും പ്രേക്ഷകർ ഒരുപോലെ നെഞ്ചിലേറ്റിയിരുന്നു. ക്രിസ്ത്യൻ ബ്രദേഴ്സിലും കടൽ കടന്നൊരു മാത്തുക്കുട്ടിയിലും അതിഥി റോളുകളിൽ മമ്മൂട്ടിയും മോഹൻലാലും എത്തിയിരുന്നു.