തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ നടൻ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട് കഴിച്ചതിന്റെ വാർത്ത സമീപദിവസമായിരുന്നു പുറത്ത് വന്നത് . വഴിപാട് കഴിച്ചതിന്റെ രസിതടക്കമായിരുന്നു അന്ന് വാർത്തകളിൽ ഇടം പിടിച്ചത് . എന്നാൽ ഈ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത് . എന്നാൽ മോഹൻലാൽ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും.ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.