കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഇരട്ട വിജയം.ആദ്യ റേസിലെ വിജയം നല്കിയ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങിയ മൊഹ്സിന്‍ എന്‍എസ്എഫ്250ആര് വിഭാഗം രണ്ടാം റേസിലും തന്റെ അപ്രമാദിത്യം തുടര്‍ന്ന് ഒന്നാം സ്ഥാനം നേടി.സാവിയോന്‍ സാബു രണ്ടാം സ്ഥാനത്തും, എ.എസ് ജെയിംസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എട്ട് ലാപ്പ് റേസിലുടനീളം പ്രകടന മികവ് തുടര്‍ന്ന് മലപ്പുറം സ്വദേശിയായ 22കാരന് 15:07.015 സമയത്തിലാണ് റേസ് പൂര്‍ത്തിയാക്കിയത്. 1:52.236 എന്ന മികച്ച ലാപ്പ് സമയവും മൊഹ്സിന്‍ കുറിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. മുന്‍ റേസുകളില്‍ തിളങ്ങിയ എ.എസ് ജെയിംസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി യുവറൈഡര്‍ സാവിയോന്‍ സാബു 15:10.965 സമയത്തില്‍ റേസ് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. കാലിനേറ്റ പരിക്ക് വകവയ്ക്കാതെ ട്രാക്കില്‍ തുടര്‍ന്ന എ.എസ് ജെയിംസ് 15:15.953 സമയത്തിലാണ് ഫിനിഷിങ് ലൈന്‍ മറികടന്നത്.
കൂട്ടിയിടി കാരണം ഹൈദരാബാദില്‍ നിന്നുള്ള ബീദാനി രാജേന്ദറിനും സ്റ്റീവ് വോ സുഗിക്കും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ആകെ അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലുള്ളത്. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചെന്നൈ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.