തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് . വിവാഹിതരായെന്ന വ്യാജ രേഖയുണ്ടാക്കി പ്രതി സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതിന് ശേഷമാണ് ഇയാൾ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയത്. ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിൽ മാനസികമായി തകർന്ന യുവതി ആത്മഹത്യയിലേക്ക് എത്തി എന്ന നിഗമനത്തിലാണ് പോലീസ് .
മാർച്ച് 24ന് രാവിലെ വിമാനത്താവളത്തിലെ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ശേഷമാണ് യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടത്. യുവതിക്കൊപ്പം ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് പ്രതി സുകാന്ത് സുരേഷ്. യുവതിയുടെ മരണത്തിന് പിന്നാലെ ഇയാൾക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം എത്തിയിരുന്നു. കൂടാതെ ഇതിന് പിന്നാലെ തന്നെ ഇയാൾ ഒളിവിലും പോയിരുന്നു . അതേസമയം ഒളിവിൽ പോയ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകി എന്ന വാർത്തയും പുറത്ത് വന്നിരുന്നു.