ചെന്നൈ: നടന് വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ അഞ്ച് ലക്ഷത്തിലേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് പൊതുസമ്മേളനം നടത്താനാണ് നിലവില്‍ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
സമ്മേളനത്തിനെത്തുന്ന എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷന് നമ്പറും ഇന്‍ഷുറന്‍സും ആര്‍സി ബുക്കും പാര്‍ട്ടി നേതൃത്വത്തിന് മുന്‍കൂറായി അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധമേഖലകളിലെ പ്രമുഖരെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനാണ് തീരുമാനം.