കൊല്ലം: രണ്ട് മക്കളെയും തീകൊളുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം. വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു.
വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിവരം അറിഞ്ഞ് പോലീസും കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഗുരുതരമായി പൊള്ളലേറ്റ അമ്മയെയും മക്കളെയും ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അമ്മ ചൊവ്വാഴ്ച വൈകീട്ടോടെയും മക്കൾ രാത്രിയോടെയും മരിച്ചു.