മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വിട വാങ്ങിയിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഇതിഹാസം തീർത്ത സാഹിത്യകാരനായിരുന്നു അദ്ദേഹം. ജീവനുള്ള എത്രയോ കലാസൃഷ്ടികൾ എം ടി യുടെ തൂലികയിൽ പിറന്നിരിക്കുന്നു. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാ വിസ്മയമായിരുന്നു അദ്ദേഹം. ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍. പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്.
1965 ല്‍ മുറപ്പെണ്ണിന്റെ തിരക്കഥ എഴുതികൊണ്ടാണ് എം.ടി സിനിമ രംഗത്തേക്ക് എത്തുന്നത്. പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന് ശേഷമാണ് സംവിധാനത്തിലേക്ക് എംടി എത്തുന്നത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചെറുപുഞ്ചിരി 2000 ലാണ് പുറത്തിറങ്ങിയത്. 1980 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയില്‍ സജീവമായിരുന്ന വര്‍ഷം. കന്യാകുമാരി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോള്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്ണ, വാരിക്കുഴി, വെള്ളം, ഉയരങ്ങളില്‍, അക്ഷരങ്ങള്‍, ആരുഢം, മഞ്ഞ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം, രംഗം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അഭയം തേടി, എന്ന് സ്വന്തം ജാനകിക്കുട്ടി, അമൃതംഗമയ, മിഥ്യ, ആരണ്യകം, താഴ്വാരം, ഋതുഭേദം, വേനല്‍ക്കിനാവുകള്‍, വിത്തുകള്‍, ഉത്തരം, മനോരഥങ്ങള്‍ തുടങ്ങിയവയാണ്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, സദയം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി എന്നിവയാണ് തിരക്കഥകള്‍. മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂർ ഹൈസ്കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. വിക്ടോറിയയിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസ്സി ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്കൂളുകളിലും പാലക്കാട്ട് എം.ബി ട്യൂട്ടോറിയൽസിലും അദ്ധ്യാപകനായി.
1956ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ ജൂനിയർ എഡിറ്ററായി. മുഖ്യപത്രാധിപരായിരുന്ന എൻ.വി.കൃഷ്ണവാര്യർ 1968ൽ സ്ഥാനമൊഴിഞ്ഞപ്പോൾ എം.ടി മുഖ്യപത്രാധിപരായി. 1981 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് ഒരിടവേളയ്ക്കുശേഷം 1989ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. 1999ൽ വിരമിച്ചു. പ്രമീളയാണ് ആദ്യ ഭാര്യ. പിന്നീട് നർത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലായിരുന്നു താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്സിക്യൂട്ടീവാണ്. ന്യൂജഴ്സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയാണ്.