ബെംഗളൂരു: മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മുഡ കേസുമായി ബന്ധപ്പെടുത്തി മുന്‍ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നടപടി കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചു.
സ്വകാര്യ പരാതിയില്‍ വിചാരണക്ക് അനുമതി നല്കാന് ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യ കോടതിയില്‍ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കറുത്ത പൊട്ടു പോലുമുണ്ടായിട്ടില്ലെന്ന് വാദിച്ച സിദ്ധരാമയ്യ തന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.