വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 2024 ജൂലൈ 30ന് കേരളം ഉണർന്നത് തന്നെ ഞെട്ടിക്കുന്ന അപകടത്തിന്റെ വാർത്ത കേട്ടു കൊണ്ടായിരുന്നു. വയനാട് ടൂറിസം ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമ്പോഴായിരുന്നു ഈ അപകടം നടക്കുന്നത്. ഇത് നമ്മുടെ ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
പച്ചപ്പാർന്ന പ്രകൃതിയും നല്ല കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയായ ടൂറിസ്റ്റ് കേന്ദ്രങ്ങളും നമ്മുടെ വയനാട്ടിലുണ്ട്. സംഘം ചേർന്നുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും എല്ലാം യോജിച്ചതാണ് വയനാടിന്റെ മണ്ണും മലകളും താഴ്വരകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാം. ആരുടെയും ഹൃദയം കീഴടക്കാൻ പോന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന നാട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിനാളുകൾ ഓരോ സീസണിലും വയനാട്ടിൽ സന്ദർശനത്തിന് എത്താറുണ്ട്. കേരളത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി നിലനിർത്തുന്നതിൽ പ്രധാന പങ്കാണ് വയനാട് വഹിക്കുന്നതും.
ടൂറിസം മേഖല മെച്ചപ്പെടുന്നതിനിടെയാണ് ഒരു പ്രധാന കേന്ദ്രമായ വയനാട് ഉരുൾ പൊട്ടലുണ്ടായതിന്റെ പേരിൽ വിനോദ സഞ്ചാരികളെ ആശങ്കപ്പെടുത്തിയത്. വയനാട് ദുരന്തമായി ചർച്ച ചെയ്യപ്പെട്ടതു വയനാട് ടൂറിസത്തിനു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ മാത്രമുണ്ടായ ദുരന്തം വയനാട് ജില്ലയെ ആകെ ബാധിക്കുകയായിരുന്നു.
വയനാട് ആകെ ദുരന്ത മേഖലയാണെന്ന് ടൂറിസ്റ്റുകൾക്കിടയിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ എത്രയും വേഗം മാറ്റിയെടുക്കുകയെന്നത് സർക്കാരിന് മുൻപിലുള്ള വലിയ കടമ്പയായിരുന്നു. പ്രകൃതി ദുരന്തത്തിന്റെ ഭയം വിട്ടൊഴിയാത്തതിന്റെ പ്രതിഫലനം ടൂറിസം മേഖലയിൽ പ്രതിഫലിച്ചു. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മുൻകൂറായി ലഭിച്ചിരുന്ന റൂം ബുക്കിങ് വലിയ തോതിൽ റദ്ദായ സാഹചര്യം ഉണ്ടായി. വഴിയോര കച്ചവടക്കാർ മുതൽ റിസോർട്ട് ഉടമകൾ വരെ നിരവധിയാളുകൾ വയനാട്ടിൽ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. അവരെല്ലാം വലിയ പ്രതിസന്ധിയിലായിരുന്നു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വയനാട്ടിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി നേതൃത്വം നൽകിയ പ്രചാരണ പ്രവർത്തനങ്ങൾ അവിടുത്തെ ടൂറിസം വീണ്ടും പച്ചപിടിക്കാനുള്ള നല്ലൊരു തുടക്കമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് ഏവരും കണ്ടത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളിൽ ജനിപ്പിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾക്കു കഴിയേണ്ടതാണ്. വയനാടിന്റെ സുരക്ഷിതത്വം വിനോദ സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കെല്ലാം വലിയ സ്വീകാര്യതയും ആണ് ഉള്ളത്.
പ്രശസ്തരായ വ്ലോഗർമാരെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനു സർക്കാർ മുൻകൈയെടുത്തതു സ്വാഗതാർഹമാണ്. ഇതര സംസ്ഥാനങ്ങളിൽ വയനാട് ടൂറിസത്തിനു വേണ്ടിയുള്ള പ്രചാരണം നടത്തുന്നതും നല്ലതു തന്നെ. നമുക്കൊരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന മുഹമ്മദ് റിയാസിന്റെ ആഹ്വാനം മലയാളികളോട് മൊത്തത്തിലുള്ളതാണ്. മന്ത്രിക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷവും രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയും നാം കണ്ടു.
വിനോദസഞ്ചാര മേഖലയില്‍ ലോകഭൂപടത്തില്‍ ചിരപ്രതിഷ്ഠ നേടാനുള്ള വൈവിദ്ധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ടൂറിസം മേഖലയും ഇപ്പോൾ നടത്തുന്നത്. ഇതിനായി വൈവിദ്ധ്യങ്ങളായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളമാകെ ഒരു ടൂറിസം കേന്ദ്രം എന്ന കാഴ്ചപ്പാടോടുകൂടി ആണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. വയനാട്ടിലെ ടൂറിസം ഇനി കൂടുതൽ പൊളിയാകുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞത്. ഹെലി ടൂറിസം മുതൽ സീപ്ലെയിന്‍ വരെയെത്തും, മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
മലബാറിന്റെ ടൂറിസം വികസനത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഡെസ്റ്റിനേഷന്‍ വയനാടാണ്. കൊവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കുന്നതിന് ഈ സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ ആവിഷ്ക്കരിച്ച വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങള്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടത് വയനാട്ടിലായിരുന്നു. വയനാടിനെ കേന്ദ്രീകരിച്ച് ബാംഗ്ലൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പയിനും നടന്നു. ഇതിന്റെ ഭാഗമായി മലബാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഇടമായി വയനാട് മാറിയെന്നും മന്ത്രി സന്തോഷം പങ്കുവെക്കുന്നുണ്ട്.
ചൂരല്‍മല ദുരന്തം മലബാറിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടും തൊട്ടടുത്ത മാസങ്ങളില്‍ അതിനെ അതിജീവിക്കാന്‍ വയനാട് ടൂറിസത്തിന് കഴിഞ്ഞു. 2024ലെ കണക്ക് അനുസരിച്ച് കോവിഡിന് മുന്‍പുള്ളതിനേക്കാളും സഞ്ചാരികള്‍ വയനാട്ടില്‍ എത്തി എന്നത് അതിജീവനത്തിന്റെ സൂചനയാണ്. എന്റെ കേരളം എന്നും സുന്ദരം എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് കേന്ദ്രീകരിച്ച് പ്രത്യേക പ്രചരണ പരിപാടികള്‍ തന്നെ സംഘടിപ്പിച്ചു. സംസ്ഥാനത്താകെ സന്തുലിതമായ ടൂറിസം വികസനം സാധ്യമാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമീപഭാവിയില്‍ തന്നെ വലിയ മുന്നേറ്റം കേരള ടൂറിസം സാധ്യമാക്കുമെന്നതിൽ ആർക്കും സംശയങ്ങളില്ല.