ശക്തിമാൻ, മഹാഭാരതം തുടങ്ങിയ പരമ്പരകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും പ്രശസ്തനായ നടനാണ് മുകേഷ് ഖന്ന. പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് ഇത്തരം പരസ്യങ്ങൾ. പാൻ മസാലയും ചൂതാട്ട ആപ്പുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽനിന്ന് താരങ്ങൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിനെ മുകേഷ് ഖന്ന രൂക്ഷമായി വിമർശിച്ചത്. ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു.
ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് മോശമാണെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീത്തവിളിക്കുകപോലും ചെയ്തു. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ള അക്ഷയ് പോലും പാൻ മസാലയെ അനുകൂലിക്കുന്നു. അജയ് ദേവ്ഗണും ഇതേകാര്യം പറയുന്നു. ഷാരൂഖും ഇതേ വഴിതന്നെയാണ് വരുന്നത്. കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി മുടക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് ഇവരെല്ലാം നൽകുന്നതെന്ന് മുകേഷ് ഖന്ന ചോദിച്ചു. പാൻ മസാലയല്ല വിൽക്കുന്നതെന്ന് പറഞ്ഞാലും എന്താണ് യതാർത്ഥത്തിൽ ചെയ്യുന്നതെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.പാൻ മസാലയുടേതുപോലെയുള്ള പരസ്യങ്ങൾ പൊതുസമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കളിലുണ്ടാക്കുന്ന സ്വാധീനത്തേക്കുറിച്ചും മുകേഷ് ഖന്ന സംസാരിച്ചു. “നിങ്ങൾ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിലഭിനയിച്ചാൽ അതിനർത്ഥം നിങ്ങൾ ആ ഉത്പ്പന്നം വിൽക്കുന്നു എന്നുതന്നെയാണ്.
എല്ലാവർക്കും അതറിയാം. വഴിതെറ്റിക്കുന്ന പരസ്യങ്ങളെന്ന് ഇതുകൊണ്ടാണ് അവയെ വിളിക്കുന്നത്. വേണ്ടത്ര പണമില്ലാഞ്ഞിട്ടാണോ കമ്പനികൾ പരസ്യം ചെയ്യുന്നത്? ഇതുപോലെയൊന്നും ചെയ്യരുതെന്ന് ഞാൻ ആ നടന്മാരോട് പറഞ്ഞിട്ടുണ്ട്. അതുകേട്ട് പിൻമാറിയവരിൽ ഒരാളാണ് അക്ഷയ് കുമാർ. അമിതാഭ് ബച്ചൻപോലും ഇത്തരം പരസ്യങ്ങളിൽനിന്ന് പിൻവാങ്ങിയിട്ടുണ്ട്. എന്നിട്ടും കോടികളാണ് പാൻ മസാലയുടെ പരസ്യനിർമാണത്തിനായി മുടക്കുന്നത്. നടന്മാർ പരസ്പരം ചുവന്ന നിറം വാരിയെറിയുന്നു. എന്നിട്ട് കുങ്കുമത്തിന്റെ നാരുകളാണെന്ന് പറയുന്നു. നിങ്ങൾ പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കാനാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഒരിക്കലും അത് ചെയ്യരുത്.” മുകേഷ് ഖന്ന വിശദീകരിച്ചു.