നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. സിപിഎമ്മിനെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് മുകേഷ്. ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികപീഡന പരാതിയിലാണ് എം. മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.ഡിജിറ്റൽ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തിയാണ് കുറ്റുപത്രം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കഴിഞ്ഞദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ആലുവ സ്വദേശിനി മുകേഷിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പോലീസിന് സാധിച്ചു. ഇ-മെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യതെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകളും കുറ്റപത്രത്തിലുണ്ട്.
കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യമത്തിൽ വിട്ടിരുന്നു. അതോടെ നടി പരാതി പിൻവലിക്കാൻ തയ്യാറായി രംഗത്തുവന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എറണാകുളത്തുള്ള വില്ലയിൽ വച്ചും തൃശൂരിൽ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസെടുത്തു. രണ്ടിലും കുറ്റപത്രം നൽകി. മരടിലെ വില്ലയിൽ വച്ച് പീഡിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് സിപിഎം കൂടുതൽ പ്രതിസന്ധിയിലായത്. ഇനി മുകേഷിന് മേൽ പാർട്ടിയുടെ നിയന്ത്രണം വരുമെന്ന് ഉറപ്പാണ്. എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ പാർട്ടി ചട്ടക്കൂടിൽ നിയന്ത്രിക്കാനുള്ള നീക്കമാണ് ഉണ്ടാകുക. ഇതിന്റെ ഭാഗമായി മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം നിരീക്ഷിക്കാമെങ്കിലും പാർട്ടി അംഗമല്ലാത്തയാൾക്കെതിരെ സംഘടനാതല നടപടി അപ്രായോഗികമാണ്. എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം പാർട്ടിയുമായി ബന്ധമില്ലാത്ത തരത്തിലാണെന്ന വിമർശനം പല ഘട്ടങ്ങളിലും ഉയർന്നിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പലപ്പോഴും എംഎൽഎയുടെ സാന്നിധ്യം ഉണ്ടാകുന്നില്ല.
പാർട്ടി എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ നിലപാടുകളോടു പാർട്ടിക്കു ഉത്തരവാദിത്തമുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. മുകേഷിനെതിരായ ലൈംഗിക പീഡന പരാതികളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ അതിരൂക്ഷമായ വിമർശനം ഉണ്ടായിരുന്നു. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. മുകേഷിനെതിരേ നടിമാരുടെ പരാതിയിൽ ഗൗരവമായ അന്വേഷണം വേണമെന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിലപാടിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും രണ്ട് കുറ്റപത്രങ്ങൾ നൽകിയതും. സിപിഐയും മുകേഷിന് എതിരാണ്. നേരത്തേ ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതികളെച്ചൊല്ലി സിപിഐ മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു.
കോൺക്രീറ്റ് നിർമിതികളെ എതിർക്കുന്നവരെ വികസന വിരോധികളാക്കുന്ന എം മുകേഷ് എംഎൽഎയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്ന് സിപിഐ വിമർശിച്ചിരുന്നു. കായൽ കൈയ്യേറ്റവും മാലിന്യ ശേഖരവും തടയാൻ എംഎൽഎയ്ക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ടായിരുന്നു. അപ്പോഴും അടുത്ത ഏപ്രിൽ വരെ മുകേഷ് നിയമസഭാ അംഗമായി തുടരട്ടെയെന്ന നിലപാടിലാണ് സിപിഎം. അതിന് പിന്നിൽ ചില കാരണങ്ങളുമുണ്ട്. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, പീഡനക്കേസിൽ കുരുങ്ങി അവിടുത്തെ എംഎൽഎ രാജിവച്ചൊഴിയുന്നത് പാർട്ടിക്ക് കടുത്ത ക്ഷീണമാണ്. തുടർച്ചയായി എംഎൽഎയായ മുകേഷിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും കോടതി തീരുമാനം എടുക്കട്ടെയെന്നും മുകേഷ് അതുവരെ എംഎൽഎയായി തുടരുമെന്നും സിപിഎം പറയുന്നതിന്റെ കാരണം സംസ്ഥാന സമ്മേളനം തന്നെയാണ്.
അതേസമയം, മുകേഷിന്റെ രാജിക്കായി പ്രതിപക്ഷ സംഘടനകൾ കടുത്ത രീതിയിലുള്ള സമരങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഉപതെരഞ്ഞെടുപ്പുണ്ടായാൽ കൊല്ലം നിയമസഭാ സീറ്റ് കൈവിട്ടുപോവുമെന്ന ഉത്തമ ബോദ്ധ്യവും സിപിഎം നേതൃത്വത്തിന് ഉണ്ട്. കോൺഗ്രസിനും ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് സാധ്യതകളിലാണ് കണ്ണ്.