ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ 2025-ല്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിട്ടേക്കുമെന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.
രോഹിത്തിനൊപ്പം കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും മുംബൈ നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തന്നെ തുടരും.
പുതിയ നിയമപ്രകാരം നിലനിര്‍ത്തുന്ന ആദ്യത്തെ കളിക്കാരന് 18 കോടി രൂപ, രണ്ടാമത്തെ താരത്തിന് 14 കോടി രൂപ, മൂന്നാമന് 11 കോടി രൂപ, നാലാമത്തെയും അഞ്ചാമത്തെയും കളിക്കാര്‍ക്ക് യഥാക്രമം 18 കോടി രൂപയും 14 കോടി രൂപയും ചിലവാകും.
മെഗാതാരലേലം നവംബറില്‍ നടക്കാനിരിക്കെ എല്ലാ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടിക ഒക്ടോബര്‍ 31നകം ബിസിസിഐയ്ക്ക് സമര്‍പ്പിക്കണം.