തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിയെ മെഡിക്കല്‍ കോളേജില്‍ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
ഹരികുമാര്‍ ഇന്നലെ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും. അതേസമയം സാമ്പത്തിക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ശ്രീതുവിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.