കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ക്രൂരബലാത്സംഗ കൊലപാതകത്തില്‍ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ബംഗാള്‍ സര്‍ക്കാരില്‍ കൂട്ട നടപടി. ചര്‍ച്ചയ്ക്ക് പിന്നാലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും നീക്കി. തെളിവ് നശിപ്പിക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണറെ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അച്ചടക്ക നടപടിയെടുക്കാത്തതില്‍ ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പുള്ളതായാണ് വിവരം.
ഇരയുടെ നീതിക്കായി കഴിഞ്ഞ ഒന്നരമാസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇത് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെയും ജനജീവിതത്തെയും സാരമായി ബാധിച്ചിരുന്നു. ചികിത്സ ലഭിക്കാതെ ആളുകള്‍ക്ക് ജീവന് നഷ്ടമാകുന്ന സാഹചര്യമുണ്ടായതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാരുമായി അനുഭാവ ചര്‍ച്ചയ്ക്ക് മമത തയ്യാറായത്. സമരം കടുത്തതോടെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സംരക്ഷിക്കുന്ന മമതയുടെ നിലപാട് മാറ്റുകയായിരുന്നു.