കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന ചില മണ്ഡലങ്ങൾ ലീഗിനും വിട്ടു നൽകുവാൻ ധാരണയായേക്കും. നിലവിൽ ലീഗിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ പുനലൂർ, എറണാകുളം ജില്ലയിലെ കളമശ്ശേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തുടങ്ങിയ സീറ്റുകൾ ആകും കോൺഗ്രസിന് നൽകുക. അതേസമയം കോൺഗ്രസിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ ചടയമംഗലം, ആലപ്പുഴ ജില്ലയിലെ കായംകുളം, എറണാകുളം ജില്ലയിലെ കൊച്ചി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ ആകും തിരികെ ലീഗിന് നൽകുക. കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തിൽ ലീഗിന് ശക്തി തീരെ കുറവാണ്. മികച്ച സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയും തീരെയില്ലാത്ത സാഹചര്യത്തിലാണ് ജില്ലയിലെ തന്നെ ചടയമംഗലം സീറ്റ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചടയമംഗലം കിട്ടാക്കനിയായി കാലങ്ങളായി തുടരുകയാണ്.
അതുകൊണ്ടുതന്നെ സീറ്റുകൾ വെച്ചു മാറുന്നതിൽ ഇരുകൂട്ടർക്കും സമ്മതമാണെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ആയിരുന്നു ചടയമംഗലത്ത് നിന്നും ജനവിധി തേടിയത്. ചടയമംഗലത്തെക്കാൾ കോൺഗ്രസിന് വിജയ സാധ്യതയുള്ള മണ്ഡലമാണ് പുനലൂർ. മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കുവാൻ സാധിച്ചാൽ പുനലൂരിൽ കോൺഗ്രസിന് അനായാസം വിജയം നേടാം. ചടയമംഗലം സീറ്റ് ലീഗ് ഏറ്റെടുക്കുമ്പോൾ നിലവിലെ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് സ്ഥാനാർത്ഥിയായേക്കാം. പിന്നീട് ലീഗ് ആവശ്യപ്പെടുന്ന മണ്ഡലം ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലം ആണ്. കഴിഞ്ഞതവണ യൂത്ത് കോൺഗ്രസിന്റെ മുൻനിര പോരാളിയും വനിതയുമായ അരിത ബാബു മികച്ച പോരാട്ടം നടത്തിയ മണ്ഡലം ലീഗിന് കോൺഗ്രസ് വിട്ടു നൽകുകയെന്നത് അത്ര എളുപ്പമല്ല. ഡിസിസി നേതൃത്വവും പ്രാദേശിക കോൺഗ്രസ് നേതൃത്വവും അതിന് സമ്മതിക്കുവാനും സാധ്യതകൾ കുറവാണ്. സമീപകാലത്ത് കായംകുളം മേഖലയിൽ ലീഗിന്റെ ശക്തി വലിയതോതിൽ വർദ്ധിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ലീഗ് കായംകുളം സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്. മാത്രവുമല്ല എല്ലാ ജില്ലകളിലും തങ്ങൾക്ക് സീറ്റുകൾ വർധിപ്പിക്കുക എന്ന ഉദ്ദേശവും അവർക്കുണ്ട്. എറണാകുളം ജില്ലയിലേക്ക് വരുമ്പോൾ കളമശ്ശേരി ലീഗിന്റെ കൈവശമുള്ള മണ്ഡലമാണ്. തുടർച്ചയായി ലീഗ് മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ പൊതുമരാമത്ത് മന്ത്രിയും ലീഗ് മുതിർന്ന നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് മണ്ഡലം ഒഴിഞ്ഞതിനു ശേഷം കഴിഞ്ഞതവണ അദ്ദേഹത്തിന്റെ മകൻ പരാജയപ്പെട്ടിരുന്നു. മാത്രവുമല്ല പ്രദേശത്ത് ലീഗിൽ വിഭാഗീയത വലിയതോതിൽ ഇടം പിടിച്ചിട്ടുമുണ്ട്. അതേസമയം നിലവിലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കളമശ്ശേരി മണ്ഡലത്തിൽ മത്സരിച്ചാൽ മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ മണ്ഡലം കോൺഗ്രസ് ആവശ്യപ്പെടുവാനാണ് സാധ്യത.
അങ്ങനെ കോൺഗ്രസ് ആവശ്യപ്പെട്ടാൽ ലീഗ് സമ്മതം മൂളുവാനുമാണ് ഏറെക്കുറെ സാധ്യത. അത്തരത്തിൽ കളമശ്ശേരി കോൺഗ്രസിന് നൽകുമ്പോൾ ലീഗ് ആവശ്യപ്പെടുക ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലമായ കൊച്ചിയാകും. നിലവിൽ സിപിഎമ്മിന്റെ കൈവശമുള്ള മണ്ഡലം അനായാസം തങ്ങൾക്ക് നേടുവാൻ കഴിയും എന്ന് ലീഗ് കരുതുന്നു. നിലവിലെ കൊച്ചി എംഎൽഎ കെ ജെ മാക്സിക്കെതിരെ വലിയതോതിലുള്ള ജനവികാരം മണ്ഡലത്തിൽ ഉണ്ട്. അതിനെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ലീഗിന്റെ കണക്കുകൂട്ടലുകൾ ഒരുപക്ഷേ നടന്നേക്കാം. അപ്പോഴും കാലങ്ങളായി മണ്ഡലം നോക്കിയിരിക്കുന്ന കോൺഗ്രസ് നേതാക്കളെ പിണക്കാതെ കൂടെ നിർത്തുക എന്ന വലിയ കടമ്പ ലീഗിന്റെ മുന്നിലുണ്ടാകും. പിന്നീട് ലീഗ് ആവശ്യപ്പെടുന്നത് പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലമാണ്. കഴിഞ്ഞതവണ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയായിരുന്നു പട്ടാമ്പിയിൽ ജനവിധി തേടിയത്. വീണ്ടും റിയാസ് പട്ടാമ്പിയിൽ മത്സരിക്കുവാൻ തയ്യാറെടുക്കുമ്പോഴാണ് മണ്ഡലം ലീഗ് ആവശ്യപ്പെടുന്നത്. പകരമായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് കോൺഗ്രസിന് നൽകുവാനും ലീഗ് തയ്യാറാണ്. ഈ മണ്ഡലങ്ങളിലെ നേതൃത്വങ്ങൾ തമ്മിൽ ഏറെക്കുറെ ധാരണയിൽ എത്തിയതായാണ് ലഭിക്കുന്ന വിവരം. ഇതിൽ കായംകുളം മണ്ഡലം മാത്രമാണ് തർക്കങ്ങളിലേക്ക് പോകുവാനെങ്കിലും സാധ്യത. ഇതിനെല്ലാം പുറമേ വരുന്ന തെരഞ്ഞെടുപ്പിൽ പുതുതായി സീറ്റുകൾ ലീഗ് ആവശ്യപ്പെടുവാനുള്ള സാധ്യതകളും ഏറെയാണ്. അതേസമയം ലീഗിനും മറ്റു ഘടകകക്ഷികൾക്കും സീറ്റുകൾ സീറ്റ് കൂട്ടി നൽകുവാനും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് സാധിക്കുകയില്ല.
കോൺഗ്രസിന് തീരെയും വിജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകാമെന്ന് കരുതിയാലും ആ സീറ്റുകളിൽ ലീഗിന് നോട്ടവുമില്ല. സർക്കാർ അധികാരത്തിൽ വന്നാൽ മറ്റ് സ്ഥാനങ്ങൾ നൽകാമെന്ന ഉറപ്പിൽ തൽക്കാലം ലീഗിന് സീറ്റുകൾ അധികം നൽകേണ്ടെന്ന തീരുമാനമാകും കോൺഗ്രസ് സ്വീകരിക്കുക. യുഡിഎഫിനുള്ളിലെ മറ്റു പാർട്ടികളും ഒരുപക്ഷേ അധികം സീറ്റുകൾ ആവശ്യപ്പെട്ടേക്കാം. സംഘടനകൾക്ക് ആളും അനക്കവും ഒന്നുമില്ലെങ്കിലും കാലാകാലങ്ങളായി യുഡിഎഫ് മുന്നണിയിൽ നിൽക്കുന്ന സി പി ജോണിനും ഡി ദേവരാജനും സാധ്യതയുള്ള ഏതെങ്കിലും മണ്ഡലങ്ങൾ കോൺഗ്രസ് ഇടപെട്ട് നൽകുവാനുള്ള സാധ്യതയുണ്ട്. യുഡിഎഫിന്റെ ജോൺ ജോണിന്റെ ജനതാദളും ഇത്തവണ സീറ്റ് ആവശ്യപ്പെട്ടേക്കാം. അതേസമയം, ഒട്ടുംതന്നെ സംഘടനാ ശേഷി ഇല്ലാത്തത് ജനതാദളിന് തിരിച്ചടിയായേക്കാം. ഘടകക്ഷികൾക്ക് സീറ്റ് വീതിച്ചു നൽകുന്നതും ബാക്കി തങ്ങൾക്ക് കിട്ടുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ തർക്കങ്ങൾ ഇല്ലാതെ നിയോഗിക്കുന്നതും ആകും കോൺഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും.