97-ാമത് ഓസ്കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തിരഞ്ഞെടുക്കും. സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്.
അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം തീയതി വരെയാണ് വോട്ടിംഗ്. വോട്ടിംഗ് ശതമാനം ഉൾപ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക. ഓസ്കാർ അർഹതയുള്ള സിനിമകളുടെ നീണ്ട പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സിനിമകളിൽ ഓൾ വി ഇമാജിൻ അസ് ലൈറ്റ്, കങ്കുവ, ഗേൾസ് വിൽ ബി ഗേൾസ്, സന്തോഷ്, സ്വാതന്ത്ര വീർ സവർക്കർ, ബാൻഡ് ഓഫ് മഹാരാജാസ് എന്നിവ ഉൾപ്പെടുന്നു.