ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ ‘ഭാവി ഉച്ചക്കോടി’യില്‍ അദ്ദേഹം പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ് ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. റഷ്യ-യുക്രെയിന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകളും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടക്കും.
ക്വാഡ് ഉച്ചക്കോടിയില്‍ വെച്ച് ബൈഡന്, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന് മോദി പറഞ്ഞു.