പത്തു വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യവും ഇപ്പോൾ ഉണ്ടായ അതിലെ ശിക്ഷാവിധിയും ആണ് ഏറെ ചർച്ചയാകുന്നത്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദലിതുകൾക്കുനേരെ അതിക്രമം നടത്തുകയും കുടിലുകൾ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിലാണ് 98 പേർക്ക് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുമ്പ് നടന്ന അതിക്രമത്തിലാണ് വിധി. കേസിൽ കുറ്റക്കാരായ 101 പേരുടെ ശിക്ഷയാണ് ഇന്ന് കൊപ്പൽ ജില്ലാ കോടതി പ്രസ്താവിച്ചത്.
മേഖലയിൽ ദലിതുകൾ മേൽജാതിക്കാരിൽനിന്ന് നേരിട്ടുവരുന്ന അതിക്രമങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു നടപടി വരുന്നത്. ഇത്രയധികം പേർക്ക് ഒരുമിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും ആദ്യമായാണ്. 2014 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരകുമ്പി ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ നിരവധിപേർ സംഘടിച്ചെത്തി ദലിത് വിഭാഗക്കാരെ ക്രൂരമായി മർദിക്കുകയും കുടിലുകൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു.