കണ്ണൂർ : എഡിഎം ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
ഹർജിയിൽ സിബിഐയും സംസ്ഥാന സർക്കാരും നിലപാട് അറിയിക്കും. മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കേസന്വേഷണം നേരായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആരോപണം.
സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും മറ്റു തെളിവുകള്‍ ശേഖരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നും വന്‍ വീഴ്ചയാണുണ്ടായതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും ടിവി പ്രശാന്തിനും കഴിഞ്ഞ ദിവസം കോടതി നോട്ടീസ് അയച്ചിരുന്നു.