അഹമ്മദാബാദ്: നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ഒരു സ്കൂള്‍ അധ്യാപകന് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്. ഉത്തരക്കടലാസില്‍ ശരിയായ ഉത്തരം എഴുതിച്ചേര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഘം വിദ്യാര്‍ഥികളില്‍നിന്ന് പണംതട്ടുകയായിരുന്നു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലാണ് സംഭവം. ക്രമക്കേട് കാണിച്ച് ജയിപ്പിക്കാന്‍ ആറ് വിദ്യാര്‍ഥികളില്‍ ഓരോരുത്തരോടും പത്തുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.
നീറ്റ് യു.ജി. പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടും ഫിസിക്സ് അധ്യാപകനുമായ തുഷാര്‍ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവര്‍ക്കെതിരേയാണ് ക്രിമനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുഷാറിന്റെ വാഹനത്തില്‍നിന്ന് ഏഴുലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയെ സഹായിക്കാന്‍ ആരിഫ്, തുഷാറിന് നല്കിയ തുകയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഉത്തരങ്ങള്‍ അറിയാത്ത ചോദ്യങ്ങള്‍ എഴുതാതെ വിടുക.
പരീക്ഷക്ക് ശേഷം ഉത്തരക്കടലാസ് ശേഖരിച്ചതിന് പിന്നാലെ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം തട്ടിപ്പുസംഘം രേഖപ്പെടുത്തി നല്‍കും. ഇതായിരുന്നു ചില വിദ്യാര്‍ഥികളും തട്ടിപ്പുസംഘവും തമ്മിലുള്ള ഉടമ്പടി.തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ കളക്ടറും ഡി.ഇ.ഒയും ഉള്‍പ്പെടെയുള്ള സംഘം സ്കൂളിലെത്തി തുഷാറിനെ ചോദ്യം ചെയ്തു.
തുടര്‍ന്ന് ഇയാളുടെ ഫോണും പരിശോധിച്ചു. 16 വിദ്യാര്‍ഥികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷാകേന്ദ്രങ്ങള്‍ എന്നീ വിവരങ്ങള്‍ പരശുറാം റോയ്, തുഷാറിന് വാട്ട്സ് ആപ്പ് സന്ദേശമായി അയച്ചു നല്‍കിയതായി കണ്ടെത്തി. തന്റെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളാണ് ഇവരെന്ന് തുഷാര്‍ സമ്മതിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
ഈ വിദ്യാര്‍ഥികളില്‍ ആറുപേര്‍ക്ക് ശരിയായ ചോദ്യങ്ങള്‍ രേഖപ്പെടുത്തി നല്കാന് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടതായും തുഷാര്‍ സമ്മതിച്ചിട്ടുണ്ട്. കാറില്‍നിന്ന് കണ്ടെടുത്ത ഏഴ് ലക്ഷം രൂപ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുന്‍കൂറായി നല്‍കിയതാണെന്നും തുഷാര്‍ പറഞ്ഞതായി എഫ്.ഐ.ആറിലുണ്ട്.