പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ആലത്തൂർ കോടതി ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് നെന്മാറ ഇരട്ട കൊലപാതക കേസിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന് (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.