രാജ്യ തലസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ബിജെപിയും ആം ആദ്മിയും കോൺഗ്രസും അന്തിമ സ്ഥാനാർത്ഥി പട്ടികകൾ പോലും പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മിയെ സംബന്ധിച്ച് ഡൽഹി നിലനിർത്തുകയെന്നത് അത്യന്താപേക്ഷികമാണ്. ഏതു വിധേനയും രാജ്യ തലസ്ഥാനം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എങ്ങനെയോ കൈമോശം വന്ന ഡൽഹിയെ തിരികെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് കോൺഗ്രസിന്റെ ഉദ്ദേശ്യം. ബിജെപിയെ രാജ്യത്തുനിന്ന് തുരത്തുവാൻ തുടക്കം കുറിച്ച ഇന്ത്യ സഖ്യം ഡൽഹി തെരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾ ആണ് കുറിച്ചിടുന്നത്. ബിജെപിയുടെ ലക്ഷ്യമാണ് കോൺഗ്രസ് മുക്ത ഭാരതം. ഡൽഹിയിലേക്ക് വരുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ ഇന്നത്തെ ലക്ഷ്യവും കോൺഗ്രസ് മുക്ത ഭാരതം തന്നെയാണ്. ഡല്‍ഹി ഇപ്പോള്‍ കാണുന്നത് കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ ഐക്യത്തിന്റെ രൂപമാണ്.
ആം ആദ്മി മുന്നോട്ടുവെച്ച ഡിമാൻഡുകളോട് ഐക്യപ്പെടാൻ കോൺഗ്രസ് തയ്യാറാകാതെ വന്നപ്പോൾ വിള്ളൽ വീണത് ഇന്ത്യ സഖ്യത്തിന് കൂടിയാണ്. കോൺഗ്രസും ആം ആദ്മിയും ഒറ്റക്ക് ഒറ്റയ്ക്കാണ് ഡൽഹി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഡല്‍ഹിയില്‍ കനത്ത പോര് ഉടലെടുക്കുമ്പോള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരായി. കോണ്‍ഗ്രസിനെ ഒരിക്കല്‍ പോലും പ്രധാന സഖ്യകക്ഷിയായി കാണാത്ത പ്രാദേശിക പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ തങ്ങളുടെ പിന്തുണയെന്ന് വ്യക്തമാക്കി. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും ഡല്‍ഹിയില്‍ തങ്ങള്‍ നിര്‍ബാധം അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഹരിയാന- മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ശേഷം ഇന്ത്യ മുന്നണിയിലുണ്ടായ കോണ്‍ഗ്രസിലുള്ള അവിശ്വാസമാണ് ഡല്‍ഹിയില്‍ മറനീക്കി പുറത്തുവരുന്നത്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായിരുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെയാണ് മത്സരിക്കുന്നതെന്ന സൂചന മുൻപേ ഉണ്ടായിരുന്നു. പരസ്പരമുള്ള ഐക്യം ഇല്ലാതാവുക മാത്രമല്ല കോൺഗ്രസിനും ആം ആദ്മിയും ഇടയിൽ ഉണ്ടായത്. ഡൽഹി തെരഞ്ഞെടുപ്പ് കാലത്തും അതിനോട് ചേർന്നും പരസ്പരം ചെളി വാരി എറിയുകയാണ് ഇന്ത്യ മുന്നണിയിലെ ഇരു പാർട്ടികളും. ഡല്‍ഹിയിലെ മുഖ്യ എതിരാളിയായ ബിജെപി ഈ തമ്മില്‍തല്ലും കോലാഹലവും കണ്ടു തങ്ങളുടെ പണി എളുപ്പമായെന്ന മട്ടില്‍ ഇരുകൂട്ടര്‍ക്കെതിരേയും പ്രചരണവമായി മുന്നേറുകയാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സീറ്റ് മോഹവും ഭരണ മോഹവുമെല്ലാം ഉപേക്ഷിച്ച് 10 വര്‍ഷക്കാലമായി ഭരിക്കുന്ന തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന നിലപാടിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി തുടക്കം മുതല്‍ സ്വീകരിച്ചത്. അതായത് തങ്ങളുടെ 15 കൊല്ലത്തെ ഹാട്രിക് ഭരണത്തെ അവസാനിപ്പിച്ചവര്‍ക്ക് മുന്നില്‍ വിട്ടുവീഴ്ച ചെയ്ത് ഡല്‍ഹിയിലെ ചിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്ന നിലപാട്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് അതൊരിക്കലും അംഗീകരിക്കുവാൻ കഴിയുന്നതല്ല. ഇന്ത്യയുടെ തലസ്ഥാനം അധികാരത്തിനു പുറത്താണെങ്കിലും കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലം തന്നെയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി തിരിച്ചുവരുവാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. ദേശീയ തലസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷ പാര്ട്ടിയെന്നിരിക്കെ കളത്തില്‍ കോണ്‍ഗ്രസ് കൂടി ആക്രമണാത്മക സമീപനം സ്വീകരിച്ചതോടെ ആം ആദ്മിക്ക് എതിരാളികൾ രണ്ടാണ്.
ഡല്‍ഹിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ ആയുധവും ഇറക്കി നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശക്തമായാണ് പോരാട്ടവേദിയില്‍ ഇറങ്ങുന്നത്. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് ഗോദയിൽ ശക്തമായി ഇറങ്ങുമെന്നാണ് സൂചന. 1998 മുതല്‍ 2013വരെ നീണ്ട ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഹാട്രിക് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിന്നും 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ വീഴ്ത്തിയത് ആം ആദ്മി മുന്നോട്ടുവെച്ച വികസന രാഷ്ട്രീയമായിരുന്നു. എന്നാൽ ഇന്ന് ആം ആദ്മിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. മന്ത്രിമാർ പലരും അഴിമതി ആരോപണങ്ങളിൽ കുടുങ്ങി നിൽക്കുകയാണ്.
ആം ആദ്മിയുടെ വികസന മുഖമൊക്കെ ഏറെക്കുറെ നഷ്ടമായിരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങിയ പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായ ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെ തിരിച്ചു കൊണ്ടുവരാനാണ് കോണ്‍ഗ്രസ് അവിടെ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. എന്നാൽ, ഡൽഹി തങ്ങളെ കൈവിടില്ലെന്ന് ആം ആദ്മി കരുതുന്നു. അപ്പോഴും കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള തർക്കങ്ങൾ ഇനിയും കൂടുതൽ മൂർച്ഛിക്കട്ടെ എന്നും അതിൽ നിന്നും നേട്ടം കൊയ്യുവാൻ കഴിയുമെന്നും ആണ് ബിജെപി ക്യാമ്പിന്റെ ധാരണ. എന്തായാലും രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംഭവബഹുലമാകും എന്നതിൽ സംശയമില്ല.