ഇടുക്കി: ഇടുക്കിയിലെ രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മണ്ണിനടിയിൽ കുഴിച്ചിട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഝാർഖണ്ഡ് സ്വദേശിനിയായ 21 കാരി പൂനം സോറൻ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി പൊലീസിന് മൊഴി നൽകിയത്. സംഭവം തെളിയിച്ചതോടെ രാജാക്കാട് പൊലീസ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം താമസം ആരംഭിച്ചത്. ഗർഭിണിയായ കാര്യം പൂനം യുവാവിൽ നിന്ന് മറച്ചു വച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂനം ജോലിക്കെത്തിയിരുന്നില്ല. ആരും അറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിന്റെ നിഗമനം. കുഞ്ഞ് ഉണ്ടായ കാര്യം യുവാവ് അറിയുകയാണെങ്കിൽ തനിക്കൊപ്പമുണ്ടാകില്ലെന്ന ഭയമാണ് പൂനത്തിന് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഈ കുഞ്ഞ് ഝാർഖണ്ഡ് സ്വദേശിയായ ദമ്പതികളുടെതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.