ഓഖി ദുരന്തത്തില്‍ ആര്‍ത്തലച്ച് കലങ്ങിമറിഞ്ഞ കടപ്പുറത്തിന്റെ, ഇരമ്പിമറിഞ്ഞ മനുഷ്യമനസ്സുകളില്‍ സ്വാന്തനമായി പടര്‍ന്ന സാന്ത്വനത്തിന്റെ വാക്ക്, മനുഷ്യത്വത്തിന്റെ മാതൃക… കേവലം, തിരഞ്ഞെടുപ്പുകളുടെ നിറംമുക്കിയ മഷിയില്‍ ജയിച്ചു കയറി അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ അസ്തിത്വമുറപ്പിച്ച മുഖംമൂടിയില്ലാത്ത വ്യക്തിത്വം, സ്നേഹത്തിന്റെ മാര്‍ഗത്തില്‍ മാനവഹൃദയങ്ങളെ ജയിച്ചു കീഴടക്കിയ കാരുണ്യത്തിന്റെ പ്രതീകം, പേരുപോലെ നിര്‍മലമായ സ്നേഹത്തിന്റെ മാതൃക… നിര്‍മല സീതാരാമന്.
മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച മറ്റൊരു വനിത, ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രി, നിര്‍മ്മല സീതാരാമന് എന്ന സൂപ്പര്‍ ലേഡിക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. തുടര്‍ച്ചയായ ആറു ബജറ്റുകള്‍ എന്ന മൊറാള്‍ജി ദേശായിയുടെ റെക്കോര്‍ഡിനൊപ്പം തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്ന നാരീശക്തി.
ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്സ് 2022 പട്ടികയില്‍ സീതാരാമന് 36-ാം സ്ഥാനത്താത്തുണ്ടായിരുന്നു നിര്‍മ്മല സീതാരാമന്. ഫോര്‍ച്യൂണ്‍ അവരെ ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുത്തിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തില്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. മോദിയുടെ ഒന്നാമത്തെ മന്ത്രിസഭയില്‍ അരുണ്‍ ജയ്റ്റ്ലിയായിരുന്നു ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അരുണ്‍ ജയ്റ്റ്ലിയില് നിന്ന് കൈമാറി വന്ന സ്ഥാനമാണ് നിര്‍മലാ സീതാരാമന്റേത്.
കഴിഞ്ഞ മന്ത്രിസഭയിലും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് 60 കാരിയായ നിര്‍മ്മല സീതാരാമന്. 2017 സെപ്തംബറിലാണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായി ഇവര്‍ ചുമതലയേറ്റത്. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിര്‍മ്മല സീതാരാമന്.
1959 ആഗസ്ത് 18 ന് സാവിത്രിയുടെയും നാരായണന് സീതാരാമന്റെയും മകളായി തമിഴ്നാട്ടിലെ മധുരയില്‍ ഒരു തമിഴ് അയ്യങ്കാര്‍ കുടുംബത്തിലാണ് നിര്‍മല സീതാരാമന്റെ ജനനം. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്ന് ബിരുദം. പിന്നീടുള്ള പഠനം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍. ഇവിടെ നിന്ന് എം.ഫില്ലും നേടി.
ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ.പരകാല പ്രഭാകറെ കണ്ടെത്തിയത്. 1986ല്‍ ഇവര്‍ വിവാഹിതരായി. വിവാഹ ശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു. അവിടെ കുറച്ചു കാലം ഒരു കമ്പനിയില്‍ സീനിയര്‍ മാനേജറായും പിന്നീട് 1991-ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷന് അംഗമായും നിര്‍മല സീതാരാമന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2006-ല്‍ ആണ് ഇവര്‍ ബി.ജെ.പിയില്‍ ചേരുന്നതും പാര്‍ട്ടിയുടെ ദേശീയ വക്താവായി മാറിയതും.രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ദേശീയ വക്താക്കളുടെ ടീമിലെ ജൂനിയര്‍ അംഗം മാത്രമായിരുന്നു നിര്‍മലാ സീതാരാമന്.
നിര്‍മലയേക്കാള്‍ ജൂനിയര്‍ ആയിരുന്ന ദേശീയ വക്താവായി എത്തിയ മീനക്ഷി ലേഖിയും മറ്റും ബിജെപിയുടെ താരമായി മാറി. 2014 ലെ തെരഞ്ഞെടുപ്പില്‍ മീനാക്ഷിക്കടക്കം സീറ്റ് ലഭിച്ചപ്പോള്‍ നിര്‍മല സീതാരാമന് തഴയപ്പെട്ടു.
ആ വര്‍ഷം ജൂണില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുഖത്തെ അല്പം പരുക്കന്‍ ഭാവവും, ഉറച്ചഭാഷാ നൈപുണ്യവും നിര്‍മലാ സീതാരാമനെ പെട്ടന്നു തന്നെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി. എങ്കിലും അതികാവേശവും ഉണ്ടായിരുന്നില്ല.
2016 രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റില്‍ വിജയിച്ചു. 2017 സെപ്തംബറില്‍ പ്രതിരോധമന്ത്രിയായി. പ്രതിരോധ മന്ത്രി കസേരയില്‍ നിന്നുള്ളവരവ് നേരെ രാജ്യത്തിന്റെ ആദ്യ വനിതാ ധനകാര്യ മന്ത്രി കസേരയിലേക്കായിരുന്നു. 2019 ജൂലൈയില്‍ നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചു.
ഓഖി ദുരന്തം വിതച്ച കടപ്പുറത്തെത്തിയ നിര്‍മ്മല സീതാരാമന് പ്രക്ഷുബ്ദരായ ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത രീതി രാഷ്ട്രീയ ഭേദമന്യേ പ്രശംസ നേടിയിരുന്നു. “ഞാനൊരു കേന്ദ്രമന്ത്രിയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയല്ല എന്റെ ജോലി” എന്നായിരുന്നു കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ കര്‍ണാടകത്തിലെ ഒരു മന്ത്രിയെ നിലക്കുനിര്ത്തികൊണ്ട് നിര്‍മല സീതരാമന് പറഞ്ഞത്.
ആവനാഴിയിലെ അസ്ത്രങ്ങളൊന്നും തികയാതെ വരുമല്ലോ സഖാവേ…. വരുന്നത് ഒരൊന്നൊന്നര ഇനമാ…എന്നായിരുന്നു മന്ത്രിക്കുള്ള മറുപടിയില്‍ ബിജെപി പക്ഷം പറഞ്ഞത്.
ഇന്ത്യ കണ്ട സ്ത്രീ ശക്തികളില്‍ മുന്‍നിരക്കാരി തന്നെയാണ് നിര്‍മല സീതാരാമന്. ഇന്ത്യയിലെ തിരക്കേറിയ വീട്ടമ്മ എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. വ്യക്തമായ നിലപാട് കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും വിമര്‍ശനങ്ങളെ അതിജീവിച്ച ഭരണാധികാരി.
അധിക ആത്മവിശ്വാസം ഇല്ല, അതിരുകടന്ന കലഹങ്ങള്‍ ഇല്ല, അധികാരസ്ഥാനങ്ങള്‍ തേടി ഓട്ടമില്ല, പക്ഷേ രാഷ്ട്രീയത്തിലെ ആണ് കോയ്മകള്‍ക്ക് എതിരെയുള്ള ശക്തമായ അസ്ത്രമാണ് നിര്‍മല സീതാരാമന്. മോദിയുടെ മൂന്നാം ഊഴത്തിലും പഴയപകിട്ടോടെ നിര്‍മ്മലാ സീതാരാമനും ശോഭിക്കുകയാണ്.