മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ ടി ജലീല്‍ എംഎല്‍എ. സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുസ്ലിം സമുദായത്തില്‍ നടക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.
‘മലപ്പുറത്തിന്റെ അകവും പുറവും’ എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. സമുദായത്തില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അതത് സമുദായങ്ങളിലെ ആളുകള്‍ തന്നെ അത് എതിര്‍ത്ത് രംഗത്ത് എത്തുന്നതാണ് രീതിയെന്നും ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും ജലീല്‍ പറഞ്ഞു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയതിന് പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണെന്ന കെ ടി ജലീലിന്റെ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മുസ്ലിംലീഗ് ഇപ്പോള്‍ പിന്തുടരുന്ന ജമാഅത്തെ ഇസ്ലാമിയുടെ വാദങ്ങള്‍ പഴയ നിലപാടിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും സമുദായത്തിലും ജില്ലയിലും തെറ്റുകള്‍ നടക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയണമെന്നും അത് തിരുത്തുണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.