കാല് നൂറ്റാണ്ട് പന്നിട്ടിട്ടും നിര്‍മാണം എവിടെയും എത്താതെ കിടക്കുകയാണ് അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതി.
നിര്‍മാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം റെയില്‍വേയ്ക്ക് കത്തു നല്‍കിയേക്കുമെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
3,810 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റായി കണക്കാക്കിയിരുന്നത്.പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാന്‍ സംസ്ഥാനത്തോട് നേരത്തെ റെയില്‍വേ നിര്‍ദേശിച്ചിരുന്നു.
പദ്ധതിച്ചെലവ് പങ്കിടാന്‍ സംസ്ഥാനം തീരുമാനിക്കുകയും 2021-ലെ സംസ്ഥാന ബജറ്റില്‍ 2,000 കോടി രൂപ കിഫ്ബി വഴി നീക്കിവെയ്ക്കുകയും ചെയ്തിരുന്നു. 25 വര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാത്ത പദ്ധതി സാക്ഷാത്കരിക്കാന്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സംസ്ഥാനത്തിന് ഉറച്ച വികസന കാഴ്ചപ്പാട് ഇല്ലെന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പല നിലപാടുകള്‍ എടുക്കുന്നുവെന്നുമാണ് റെയില്‍വേ വിമര്‍ശനം ഉന്നയിച്ചത്.
കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന് വരെയുള്ള 70 കിലോമീറ്ററില്‍ റവന്യുവകുപ്പ് കല്ലിട്ട് തിരിച്ചു സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് 20 വര്‍ഷമായി. ഈ സ്ഥലങ്ങള്‍ വില്‍ക്കാനോ ബാങ്ക് വായ്പ എടുക്കാനോ സ്ഥലം ഉടമകള്‍ക്ക് കഴിയുന്നില്ല. പെരുമ്പാവൂര്‍- കാലടി മേഖലയിലെ പ്ലൈവുഡ് നിര്‍മാണ, അരി സംസ്കരണ വ്യവസായങ്ങള്‍ക്കും പൈനാപ്പിള്‍ വ്യാപാരികള്‍ക്കും ഇടുക്കി ജില്ലയ്ക്കും കിഴക്കന്‍ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്കും റെയില്‍വേ സൗകര്യം നല്കുന്ന അങ്കമാലി – ശബരി റെയില്‍വേ സമയബന്ധിതമായി നടപ്പാക്കുന്നത് കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്.
2019ല്‍ മരവിപ്പിച്ച പദ്ധതിക്കായി ഇതിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയത്.25 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കുകയും 264 കോടിയോളം രൂപയുടെ പ്രവൃത്തി നടത്തുകയും ചെയ്തശേഷം പദ്ധതി നിര്‍ത്തിവെച്ചു. അഭിപ്രായ വ്യത്യാസവും മെല്ലെപ്പോക്കും മൂലം 2019-ല്‍ പദ്ധതി മരവിപ്പിച്ചു. ഇതോടെ സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടു തിരിച്ച ഭൂമിയിലെ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി. എന്നാല്‍ ഇതില്‍ അങ്കമാലി മുതല്‍ കാലടി വരെ റെയിലും പാകി ഒരു റെയില്‍വേ സ്റ്റേഷനും ഒരു പാലവും പണിതു.ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളാമായിരിക്കുകയാണ് ഇവിടെ.മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാനല്ലാതെ ഈ റെയില്‍വേ സ്റ്റേഷനില്‍ വേറെയാരും പ്രവേശിക്കാറില്ല.
അങ്കമാലി മുതല്‍ കാലടി വരെ റെയില്‍ പാതയും ഒരു പാലവും കാലടിയില്‍ സ്റ്റേഷനും നിര്‍മിച്ചു. പെരിയാറിന് കുറുകെയാണ് ഒരു കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചത്. 2002-ല്‍ അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സര്‍വേ പൂര്‍ത്തിയാക്കി.രാമപുരം വരെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനിടയില്‍ സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. അലൈന്മെന്റില് മാറ്റംവരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.നാട്ടുകാര്‍ എതിര്‍ത്തതോടെ കോട്ടയം ജില്ലയിലെ സര്‍വേ 2007-ല്‍ നിര്‍ത്തി.
പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. സ്ഥലമെടുപ്പില്‍ ശക്തിയായ എതിര്‍പ്പുണ്ടായതിനേത്തുര്‍ന്നാണ് പദ്ധതി നിര്‍ത്തിവെയ്ക്കുന്നത്. പദ്ധതി വൈകിയതോടെ ചെലവ് കൂടി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തില്‍ നിര്‍മാണച്ചെലവ് മുഴുവന്‍ വഹിക്കാനാവില്ലെന്ന് റെയില്‍വേ നിലപാട് എടുത്തു. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനസര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ നിലപാട്.
ഔദോഗികമായി ഈ പദ്ധതി അവസാനിപ്പിച്ചിട്ടില്ല.എന്നാല്‍ തുടര്നിര്മ്മാണത്തേപ്പറ്റി ഒരു അറിയിപ്പുമില്ലാത്ത സൗഹചര്യമാണ് നിലവില്‍.1998ല്‍ 517 കോടി രൂപ ബഡജറ്റ് ഇട്ട ഈ പദ്ധതിക്ക് 2016ന് ശേഷം 2800 കോടി എങ്കിലും വേണമെന്നായി.പകുതി ചെലവ് കേന്ദ്രം വഹിക്കണമെന്ന് പലപ്പോഴായി കത്ത് അയച്ചിട്ടും ഒരു മറുപടിയും പിന്നെ ഉണ്ടായില്ല… ഇടക്ക് കാലടിയില്‍ പണിത റെയില്‍വേ സ്റ്റേഷനുമുന്നില്‍ റീത്ത് വെച്ചു പദ്ധതി മരവിപ്പിച്ചു എന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.ഇനിയും അധികാരികളുടെ ചുവപ്പ് നാടയില്‍ കുടുങ്ങി ശബരി റെയില്‍ പാത ഇല്ലാതാകുമോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.