ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD റിപ്പോര്‍ട്ട് പുറത്ത്. തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം ഉള്ളത്. ലഡ്ഡു നിര്‍മാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു. ലാബ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തില്‍ നല്കുന്ന ലഡുവില്‍ ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെന്നെ് ചന്ദ്രബാബു നായിഡു പറഞ്ഞു. അന്നദാനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയില് അവര്‍ വിട്ടുവീഴ്ചകള്‍ ചെയ്തുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.