തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയത്. പൊലീസുകാർ ഉടൻ തന്നെ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി.
ഇയാൾ മദ്യപിച്ചതിന്റെ ലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്റോൺമെന്റ് പൊലീസ് അറിയിച്ചു.കൂടാതെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു. ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേരയാണ് വൈകിട്ടത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. അഫ്സൽ രക്തസാക്ഷി പ്രമേയവും വി. വിചിത്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്പൈ മുഖ്യപ്രഭാഷണം നടത്തി. രക്തസാക്ഷികളായ സജിൻ ഷാഹുലിന്റെയും സക്കീറിന്റെയും കുടുംബാംഗങ്ങളും പങ്കെടുത്തു.വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. വെള്ളിയാഴ്ചയാണ് സമാപണം. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ 503 പ്രതിനിധികളും 71 സംസ്ഥാന സമിതി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.