മലയാള സിനിമയിലെ താരങ്ങളുടെ ചൂഷണങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ ചോദ്യത്തിനും തനിക്ക് അറിയില്ല എന്നായിരുന്നു സൂപ്പർ താരത്തിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകരോടായിരുന്നു രജനികാന്തിന്റെ പ്രതികരണം. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി പോലൊരു സമിതിയെ നിയോഗിക്കണമെന്ന് നേരത്തേ നടൻ വിശാൽ പ്രതികരിച്ചിരുന്നു. തുടർന്നാണ് രജനികാന്തിനോട് ഇതുസംബന്ധിച്ച് ചോദ്യമുണ്ടായത്.
അതിനിടെ ഹേമ കമ്മിറ്റി സംബന്ധിച്ച ചോദ്യങ്ങളോട് നടൻ ജീവ രോഷത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തേനിയിൽ സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു നടൻ. ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും മലയാള സിനിമയിൽ മാത്രമാണ് പ്രശ്നങ്ങളുള്ളതെന്നും തമിഴിൽ ഒരു പ്രശ്നവുമില്ലെന്നായിരുന്നു ജീവയുടെ പ്രതികരണം.
ചോദ്യം ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുമായി തർക്കിച്ച ജീവ പ്രതികരിക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു. നേരത്തേ മലയാള സിനിമ സെറ്റിൽ കാരവനിൽ ഒളി കാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തിയ കാര്യം രാധിക വെളിപ്പെടുത്തിയിരുന്നു.