തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ ഗുരുതര പരിക്കുകളാണ് അമ്മുവിന്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു, കൂടാതെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ഇടുപ്പെല്ല് തകർന്നതിനാൽ രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അമ്മുവും വിദ്യാർഥിനികളുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രതികൾക്കെതിരായിരുന്നു. തുടർന്ന് പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥിനികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത് അമ്മുവിന്റെ മരണത്തിന്റെ തുടർന്ന് ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ വഴി തിരിവായി.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിച്ചത്.