നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുന്നു. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
2014ൽ ചടങ്ങിൽ സാർക്(SAARC) നേതാക്കൾ പങ്കെടുത്തിരുന്നു. 2014ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്റുമടക്കം എല്ലാ സാർക് തലവന്മാരും ചടങ്ങിന് എത്തിയിരുന്നു. 2019ൽ ചില അയൽരാജ്യ തലവന്മാർ അടക്കം 8 രാജ്യങ്ങളിൽ നിന്ന് നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു.