അരിസോണ: ഒരു മാസത്തിനിടെ ഇതു രണ്ടാം തവണ യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്റ്റംബർ 16ന് സ്ഥാപനത്തിന്റെ മുൻവശത്തെ ജനാലകൾ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പിൽ തകർന്നിരുന്നു.
വെള്ളിയാഴ്ച അരിസോണയിലേക്കുള്ള കമല ഹാരിസിന്റെ യാത്ര തീരുമാനിച്ചതിന്റെ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. അരിസോണയിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുടെ പ്രചാരണത്തിനായുള്ള ഫീൽഡ് ഓഫിസുകളിൽ ഒന്നാണ് ടെമ്പെയിലെ ഓഫിസ്.
ടെമ്പെ പൊലീസ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സാർജന്റ് റയാൻ കുക്ക് സംഭവസമയത്ത് ഓഫിസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് അറിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഓഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ടി.വി സ്റ്റേഷനുകൾ സംപ്രേഷണം ചെയ്തു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ ഡിറ്റക്ടിവുകൾ വിശകലനം ചെയ്യുകയാണ്. കൂടുതൽ അന്വേഷണവും നടന്നു വരുന്നു.പ്രചാരണ ഓഫിസിലെ ജീവനക്കാർക്കും പ്രദേശത്തെ മറ്റുള്ളവർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.