തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചട്ടം ലംഘിച്ച് ഓണാഘോഷം നടത്തിയതായി ആക്ഷേപം. കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത് ലാബിലായിരുന്നു ഓണാഘോഷം. കാര്‍ഡിയോളജി വിഭാഗം മേധാവിയും പി.ജി ഡോക്ടര്‍മാരും കലാപരിപാടികളിലും ഓണസദ്യയിലും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വെളളിയാഴ്ച ഉച്ചയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി വൈകിയും നടന്നു.
ഇതുസംബന്ധിച്ച് അറിയില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. വിലക്ക് ലംഘിച്ച് ഓണാഘോഷ നടത്തിയതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും അണിനിരത്തിയായിരുന്നു പരിപാടി. മുന്‍ വര്‍ഷങ്ങളില്‍ ആശുപത്രിയില്‍ ഓണാഘോഷം നടത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് പറഞ്ഞു. ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി വിദ്യാര്‍ഥികള്‍ (ബി.സി.വി.ടി) സംഘടിപ്പിച്ച പരിപാടി സെമിനാര്‍ ഹാളിലാണ് നടന്നത്. ഇത് കാത്ത് ലാബിലാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും അദ്ദേഹം പറഞ്ഞു.