തിരുവനന്തപുരം: വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ പെൻഷൻ ആണ് വിഷുവിന് മുൻപ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് 1600 രൂപ വീതം ലഭിക്കുക. അടുത്ത ആഴ്ച മുതലാകും പെൻഷൻ വിതരണം . 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ ആകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണബാങ്കുകൾ വഴി വീട്ടിലെത്തി പണം കൈമാറും.
പെൻഷൻ തുക വിഷുവിന് മുൻപ് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ധനകാര്യ മന്ത്രി നിർദേശിച്ചിട്ടുണ്ട് . 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത് . ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം പിഎംഎഫ്എസ് വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.