തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തിയ ഒരുവർഷ എം.എഡ്. കോഴ്സ് വീണ്ടും ആരംഭിക്കാൻ തീരുമാനമായി. ഒരുവർഷ ബി.എഡ്. കോഴ്സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനു പിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്സിന്റെ നടത്തിപ്പിനും പാഠ്യപദ്ധതികൾക്കും രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
ബിരുദാനന്തര ബിരുദമോ നാല് വർഷ ബിരുദ കോഴ്സോ പൂർത്തിയാക്കിയവർക്ക് ഒരുവർഷം കൊണ്ട് ബി.എഡ് പഠനം പൂർത്തിയാക്കാൻ കഴിയും. ഇതിന്റെ കരടുനിർദേശം ഇപ്പോൾ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്സുകൾ തുടരും. അതുപോലെ തന്നെ, ഒരുവർഷ, രണ്ടുവർഷ എം.എഡ് കോഴ്സുകളും നിലവിൽ വരും. ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കിയവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും.
എന്നാൽ, മൂന്ന് വർഷ ബിരുദവും ബി.എഡും പൂർത്തിയാക്കിയവർക്ക് രണ്ടുവർഷ എം.എഡ്. കോഴ്സ് അനിവാര്യമാണ്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുക എന്നതാണ് ഏകവർഷ കോഴ്സുകളുടെ ലക്ഷ്യം. നാല് വർഷ ബിരുദം ചെയ്യുന്ന വിദ്യാർഥികൾക്ക് അധിക വർഷങ്ങൾ നഷ്ടപ്പെടാതിരിക്കുകയെന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ഉദ്ദേശ്യം. “വിദ്യാർഥികൾക്ക് മികച്ചതും സൗകര്യപ്രദവുമായ ഓപ്ഷനുകൾ നൽകുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം”എന്ന് കേരള കേന്ദ്ര സർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ വ്യക്തമാക്കി.