എല്ലായിപ്പോഴും ആൾക്കൂട്ടങ്ങളിൽ അവരുടെ പൾസിനൊപ്പം നിൽക്കാറുള്ള നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ജന സ്വീകാര്യതയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം വരുന്ന ഒരു നേതാവും ഉണ്ടായിരുന്നില്ല. അത്രമേൽ ജനങ്ങളുമായി ഇടപഴകുന്ന ശൈലിയായിരുന്നു ഉമ്മൻചാണ്ടിയുടേത്. ലോകരാഷ്ട്രങ്ങളുടെ പോലും അംഗീകാരം നേടിയെടുത്ത ജനസമ്പർക്ക പരിപാടിയും അതുണ്ടാക്കിയ ചലനങ്ങളും നാം കണ്ടിട്ടുള്ളതാണ്. തനിക്ക് മുൻപിലേക്ക് കടന്നുവന്ന എല്ലാ രാഷ്ട്രീയ പ്രതിസന്ധികളെയും നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ആത്മധൈര്യത്തിന്റെ കൂടി പേരായിരുന്നു ഉമ്മൻചാണ്ടി. ജനകീയ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിക്കും വിധം ഒരാളുണ്ട് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ. മറ്റാരുമല്ല വടകരയുടെ എംപിയും യുവജന നേതാവുമായ ഷാഫി പറമ്പിൽ. കോൺഗ്രസ് ആൾക്കൂട്ടങ്ങളുടെ പാർട്ടിയെന്ന് പൊതുവേ പറയാറുണ്ട്. കോൺഗ്രസിനെ ചരിത്രത്തിന്റെ ഏടുകളിലാണെങ്കിലും വർത്തമാനകാലത്ത് ആണെങ്കിലും അധികാരത്തിൽ എത്തിച്ചിട്ടുള്ളത് ആൾക്കൂട്ടങ്ങൾ തന്നെയായിരുന്നു. ആൾക്കൂട്ടങ്ങളുടെ പൊതുതീരുമാനങ്ങൾ സ്വാധീനിക്കപ്പെടുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ രാഷ്ട്രീയം.
അങ്ങനെയുള്ള കോൺഗ്രസിൽ ആൾക്കൂട്ടങ്ങളുടെ കെമിസ്ട്രി അറിയുന്ന ഈ തലമുറയിലെ നേതാവായി ഷാഫി പറമ്പിൽ വളർന്നു പന്തലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏതു പ്രായത്തിലുള്ള ആളുകൾക്കിടയിലും ഏത് രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന ആളുകൾക്കിടയിലും ഷാഫി പറമ്പിൽ എന്ന നേതാവ് സ്വീകാര്യനാണ്. ഏതു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസിന് ഊർജ്ജമായി നിലകൊള്ളുന്ന ചുരുക്കം ചില നേതാക്കളിൽ പ്രധാനി കൂടിയാണ് ഷാഫി പറമ്പിൽ. കോൺഗ്രസിലേക്ക് വരുമ്പോൾ ഇന്നിപ്പോൾ ഷാഫി ഒരു ബ്രാൻഡായി തന്നെ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. 2011 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാള്‍ പാര്‍ട്ടിയില്‍ ശക്തനാവാന്‍ ഷാഫി പറമ്പിലിന് കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സൈബര്‍ മുഖമായി മാറി അണികള്‍ ആഘോഷമാക്കിയിരുന്ന വിടി ബല്‍റാമിന് തൃത്താല തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഷാഫിയെ പോലെ ക്രൗഡ് പുള്ളറാവാന്‍ കഴിഞ്ഞിട്ടില്ല. നിലവിൽ എംപിയാണെങ്കിലും തിരികെ കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി ഷാഫിക്ക് അനായാസം കഴിയാവുന്നതേയുള്ളൂ. എത്ര നിർണായകമായ തെരഞ്ഞെടുപ്പിലും വിജയിക്കുവാൻ കഴിയുന്ന സ്ഥാനാർത്ഥിയാണെന്ന് പാലക്കാട്ടെ മുൻ തിരഞ്ഞെടുപ്പുകളിലൂടെയും വടകരയിലെ അവസാന തെരഞ്ഞെടുപ്പിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തന്റെ വിജയത്തിനപ്പുറം മറ്റൊരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ കഴിയുന്ന ആളാണെന്ന് പോയ പാലക്കാട് തെരഞ്ഞെടുപ്പിലൂടെയും അദ്ദേഹം കാട്ടി തന്നിട്ടുണ്ട്.
താൻ വിജയിക്കുന്നതുപോലെ തന്റെ സാന്നിധ്യം കൊണ്ട് മറ്റൊരാളെ വിജയിപ്പിക്കുവാൻ കഴിയുക എന്നത് ചെറിയൊരു കാര്യമല്ല. ഒരുപക്ഷേ ഉമ്മൻചാണ്ടി എന്ന നേതാവിൽ മാത്രം കേരളം കണ്ടിരുന്നത് ഇന്ന് ഷാഫിയിലൂടെയും സാധ്യമാകുകയാണ്. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒട്ടും അസ്വസ്ഥൻ ആകാതെ അവരെയെല്ലാം കയ്യിലെടുത്ത് നിലകൊള്ളാറുള്ള ഷാഫിയുടെ രീതി ഉമ്മൻചാണ്ടിയെ അനുസ്മരിക്കും വിധത്തിൽ തന്നെയാണ്. ഉമ്മൻചാണ്ടിയുടെ മകൻ കൂടിയായ ചാണ്ടി ഉമ്മൻ നിയമസഭയിലും സജീവ രാഷ്ട്രീയത്തിലും ഉണ്ടെങ്കിലും ഉമ്മൻചാണ്ടി ആകുവാൻ കഴിഞ്ഞത് ഷാഫിക്ക് മാത്രമാണ്. രാഷ്ട്രീയത്തെ തന്തവൈബ് ബാധിക്കരുതെന്നും സമരരീതിയിലുള്പ്പെടെ ക്രിയാത്മകമായ മാറ്റം വരണമെന്നും മുന്നില്‍നിന്ന് നയിക്കാനാകാതെ, കൂട്ടത്തിലോടുന്നവരെ നേതാക്കള്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് ഷാഫിയുടെ ലൈൻ. പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറുന്നതോടെ കോൺഗ്രസിൽ കൂടുതൽ ശക്തനാവുന്നത് ഷാഫി പറമ്പിൽ കൂടിയായിരുന്നു. വടകരയിലെ വിജയവും ഷാഫിക്ക് നൽകിയ ഊർജ്ജം ചെറുതല്ല.
മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ജനപ്രീതിയുണ്ടെന്ന് വിവിധ സർവേകൾ കണ്ടെത്തിയ എൽഡിഎഫിലെ കരുത്തയായ കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു മുതിർന്ന നേതാക്കളെ മറികടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്ക് സ്ഥാനാർത്ഥിയായി എത്തിച്ചത്. പാർട്ടിയുടെ വിശ്വാസം കാത്ത ഷാഫി വൻ ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിച്ചുകയറുകയും ചെയ്തു. പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫിയെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന ആളുകളെയായിരുന്നു ജനം കണ്ടത്. പാർട്ടി പ്രവർത്തകർക്കൊപ്പം സാധാരണക്കാരായവരും ഷാഫിക്ക് അരികിൽ എത്തുന്നതും കണ്ണീരോടെ ഷാഫിയെ യാത്രയാക്കുന്നതും കണ്ടു. അവിടെ നിന്ന് വടകരയിലേക്ക് ഷാഫി എത്തിയപ്പോൾ ജനസാഗരമായിരുന്നു ഷാഫിയെ സ്വീകരിക്കാനായി എത്തിയത്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഷാഫി പറമ്പിലിനെ കാണുന്നതിനായി വയസായ അമ്മമാർ പോലും കാത്തുനിന്ന കാഴ്ചകൾ പുറം ലോകത്ത് എത്തി. ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് പറഞ്ഞ ഷാഫി എംഎൽഎ ആയിരുന്നപ്പോൾ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. മുഖ്യമന്ത്രി കസേരയ്ക്കും കോൺഗ്രസിന്റെ താക്കോൽ സ്ഥാനങ്ങൾക്കും വേണ്ടി ഒട്ടേറെ നേതാക്കൾ അടിപിടി കൂടുന്ന ഇന്നിന്റെ കാലത്ത് ജനപ്രീതിയിൽ അവരെക്കാളൊക്കെ ഒരു പടി മുന്നിലാണ് ഷാഫിയെന്ന ജനകീയ നേതാവ്.