പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെ ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. മന്ത്രി വീണ ജോർജ് അടക്കമുള്ളവർ ഇയാളെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.
എന്നാൽ ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം. 2023 നവംബറില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയിരുന്നു. എന്നാൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ചു.
കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.