പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡോ പി സരിന് രംഗത്ത്. കെ പി സി സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍കൂടിയാ ഡോ പി സരിന് തന്നെ അവഗണിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പേരുകാരനായി ഉണ്ടായിരുന്നത് ഡോ സരിനായിരുന്നു. വി ടി ബല്‍റാമും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളായിരുന്നു ഡോ പി സരിനും, വി ടി ബല്‍റാമും.
രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും പാലക്കാട് ജില്ലാ കമ്മിറ്റി രാഹുലിന് അനുകൂലമായ നിലപാടിലായിരുന്നില്ല. പാലക്കാട് ജില്ലക്കാരനായ സ്ഥാനാര്‍ത്ഥിയാവണം പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്ത്ഥിയാവേണ്ടതെന്ന നിലപാടാണ് ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം സ്വീകരിച്ചിരുന്നത്. എന്നാല്‍ പാലക്കാട് മുന്‍ എം എല്‍ എ യും വടകര എം പിയുമായ ഷാഫി പറമ്പില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി നിലകൊണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.
ഷാഫിയുടെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ രാഹുല്‍ മാങ്കൂട്ടം പാലക്കാട് സ്ഥാനാര്‍ത്ഥിയാവുമെന്ന് നേരത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഷാഫിക്ക് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായതെന്നാണ് അനൗദ്യോഗികമായി ലഭ്യമാവുന്ന വിവരങ്ങള്‍.
പി സരിന് സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കെ മുരളീധരന്റെ പേരും ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നുവെങ്കിലും മുരളീധരന് സ്ഥാനാര്‍ത്ഥിയാവാന്‍ താല്പര്യം കാണിച്ചിരുന്നില്ല. ഇതോടെ രാഹുലിന്റെ ഒറ്റപേരിലേക്ക് സംസ്ഥാന നേതൃത്വം നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയാവാനായി ഡോ പി സരിന് നീക്കം ശക്തമാക്കിയത്.
ഡല്‍ഹിയിലും തിരുവനന്തപുരത്തും നേതാക്കളെ സന്ദര്‍ശിച്ച് തന്റെ ആവശ്യം ശക്തമായി അവതരിപ്പിച്ചെങ്കിലും അവസാന ഘട്ടത്തില്‍ തഴയപ്പെടുകയായിരുന്നു. കെ പി സി സി അധ്യക്ഷനേയും കെ സി വേണുഗോപാലിനേയും നേരില്‍ കണ്ട് ഡോ സരിന് തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു.
കെ പി സി സി അധ്യക്ഷന്റെ പിന്തുണയും ഡോ സരിന് ഉണ്ടായിരുന്നതായാണ് ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഡോ പി സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് തുടക്കം തൊട്ടേ താല്പര്യം കാണിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുങ്ങിയത്.
കെ പി സി സി ഡിജിറ്റല്‍ വിഭാഗം മീഡിയ കണ്‍വീനര്‍ സ്ഥാനത്തുനിന്നും രാജിവെക്കാനും, പാലക്കാട് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുമായാണ് ഡോ സരിന്റെ നീക്കമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കമില്ലെന്നും പി സരിന് കോണ്‍ഗ്രസ് വിടില്ലെന്നുമാണ് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്റെ ആദ്യ പ്രതികരണം.
പി സരിന് പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. ഷാഫി പറമ്പിലിന്റെ ഏകപക്ഷീയമായ നിലപാടല്ല രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും ഷാഫി മാത്രം വിചാരിച്ചാല്‍ ആരെയെങ്കിലും വിജയിപ്പിക്കാന്‍ പറ്റില്ലല്ലോ എന്നാണ് ശ്രീകണ്ഠന്റെ പ്രതികരണം.