കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന്റെ തിരക്കിലാണ്. ജില്ലാ സമ്മേളനങ്ങൾ മുഴുവനും പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തോടെ സിപിഎമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാട്ടുന്നത്. പ്രധാനമായും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും എം വി ഗോവിന്ദന് മാറ്റം ഉണ്ടാകുമെന്നാണ് പലരും വിലയിരുത്തുന്നത്. അത്തരത്തിൽ മാറ്റമുണ്ടായാൽ ആരെയാകും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
കണ്ണൂർ രാഷ്ട്രീയത്തിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുവാൻ ആരും തന്നെ ഇല്ലെന്നതാണ് വാസ്തവം. എന്നാലും കണ്ണൂരിൽ നിന്ന് തന്നെയുള്ള ഒരാളെ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുന്നതിനാകും സാധ്യത. അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്, നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയ്ക്കാണ്. ഏറെക്കുറെ ഇന്ന് പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടിയെയും സർക്കാരിനെയും ഒരേപോലെ നയിക്കുന്നത് മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ എന്ന നിലയിൽ പി ശശി തന്നെയെന്ന് പറയാം. പിണറായിക്കും കണ്ണൂർ ലോബിക്കും ഏറെ വിശ്വസ്തർ ആയവരെയാണ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് കഴിഞ്ഞ കുറെ നാളുകളായി പരിഗണിക്കുന്നത്. അടുത്ത പ്രാവശ്യവും അതുതന്നെയാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ പി ശശി തന്നെ പാർട്ടിയുടെ നായകത്വം ഏറ്റെടുക്കുവാനാണ് സാധ്യത.
കണ്ണൂർ രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് വന്ന പി ശശി, കാടാച്ചിറ ഹൈസ്കൂളിലും പിന്നീട് കണ്ണൂർ ശ്രീനാരായണ കോളേജിലുമായി വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പടിപടിയായി എസ് എഫ് ഐ യുടെ സംസഥാന സെക്രട്ടറി പദവിയിൽ വരെയെത്തി. 1996 മുതൽ 2001 വരെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി ശശി. പിന്നീട് അദ്ദേഹം സിപിഎം കണ്ണൂർ സെക്രട്ടറിയായി. ലൈംഗികാരോപണം ഉയരുകയും കോടതി കേസ് എടുക്കുകയും ചെയ്തതിനെ തുടർന്ന് 2011 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
പാർട്ടിയിൽ നിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി. ശശിയെ സിപിഎം കൈവിട്ടില്ല. അഭിഭാഷകൻ കൂടിയായ ശശിയെ ടി പി.ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധക്കേസുകളിലെ പ്രതികൾക്കു നിയമസഹായം നൽകാനായി സഹകരിപ്പിച്ചിരുന്നു. പാർട്ടിയുടെ അഭിഭാഷക സംഘടനയിലും ഉൾപ്പെടുത്തി. ശശിക്കെതിരെയുണ്ടായ കേസിൽ കോടതി ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് 2018ൽ തലശ്ശേരി ഏരിയയ്ക്കു കീഴിലെ ബ്രാഞ്ച് അംഗമായി തിരിച്ചെത്തിയ ശശി, 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെത്തി. 2022ലെ കൊച്ചി സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിൽ. തൊട്ടുപിന്നാലെ പിണറായിയുടെ താൽപര്യപ്രകാരം പൊളിറ്റിക്കൽ സെക്രട്ടറിയുമാക്കി.
കൃത്യം 13 വർഷം മുമ്പ്, ഇരുപതാം പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ ഏറ്റവും വിശ്വസ്തനായ ശശിക്കെതിരായ ഈ നടപടി പാർട്ടി സംവിധാനത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. വിഭാഗീയത കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് വി.എസ്. അച്യുതാതാനന്ദൻ്റെ കണ്ണിലെ കരടായിരുന്നു ശശി. സദാചാരവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശശിയെ രക്ഷിക്കാൻ പിണറായി പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സിപിഎം എംഎൽഎയായിരുന്ന സികെപി പത്മനാഭൻ്റെ ബന്ധു നല്കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരെ നടപടിയുണ്ടായത്.
1996- 2001 കാലത്ത് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലെത്തിയതും പിണറായിയുടെ പിന്തുണയിലായിരുന്നു. അന്നും പി ശശി പോലീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സർവശക്തൻ തന്നെയായിരുന്നു. 2011 ൽ പാർട്ടിയിൽ നിന്ന് പുറത്തായ ശശി, 13 വർഷത്തിനു ശേഷം 2022 ഏപ്രിൽ 19ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരിച്ചെത്തി. പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശൻ സെക്രട്ടറിയേറ്റ് അംഗമായ ഒഴിവിലേക്കാണ് പിണറായി വിജയൻ ശശിയെ തിരിച്ചു കൊണ്ടുവന്നത്. കേരളത്തിലെ സിപിഎമ്മിൻ്റെ സമീപകാല ചരിത്രത്തിലൊന്നും പാർട്ടി പുറത്താക്കിയ ഒരാൾക്ക് ഇത്ര ഉന്നതമായ പദവി ലഭിച്ചിട്ടില്ല.
ശശിക്കുണ്ടായ എല്ലാ ഉയർച്ചകളുടേയും മുഖ്യ കാരണക്കാരൻ പിണറായിയായിരുന്നു. പാർട്ടിയിൽ വിഭാഗീയ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് പിണറായിയുടെ തേരാളിയായിരുന്നു ശശി. പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവായി പിണറായി മാറിയപ്പോൾ അദ്ദേഹം തൻ്റെ വിശ്വസ്തനായ ശശിയെ കൂടുതൽ ഒപ്പം നിർത്തുകയായിരുന്നു. ശശിക്കെതിരെ അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് മുൻ എംഎൽഎ പി വി അൻവർ ഉയർത്തിയിരുന്നത്.
രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിട്ടും ശശിക്ക് അകമഴിഞ്ഞ പിന്തുണയാണ് മുഖ്യമന്ത്രി നൽകിയത്. ആ പിന്തുണയുടെ കരുത്തോടെ തന്നെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള ശശിയുടെ യാത്രയും. മൂന്നാമതും പാർട്ടിയെയും മുന്നണിയെയും കേരളത്തിൽ ഭരണത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പി ശശിയെ പോലുള്ള കരുത്തനായ ഒരാൾ സെക്രട്ടറി പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്താകും.