നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണം ഇന്ന് ആറുമണിക്ക് നിലമ്പൂരിൽ നടക്കും. ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി. ഒരുവിധ പ്രചാരണവും പരിപാടിക്ക് നൽകിയിട്ടില്ല. പോസ്റ്ററുകളില്ല, സംഘാടകസമിതി ഇല്ല, സ്റ്റേജ് ഇല്ല. ജീപ്പിൽ മൈക്ക് കെട്ടിയാണ് പ്രസംഗിക്കുക. മൈക്ക് പെർമിഷൻ എടുത്തിട്ടുണ്ട്.
പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും തന്നെ കേൾക്കാൻ ആളുകളെത്തുമെന്നുമാണ് അൻവർ പറയുന്നത്. അടുപ്പക്കാരോടു മാത്രം യോഗ കാര്യം അറിയിച്ചിട്ടുണ്ട്. സാധാരണ ഇത്തരം പരിപാടികൾക്ക് മതിയായ പ്രചാരണം നടത്തണമെന്ന് കർക്കശ നിർദേശം നൽകുന്നയാളാണ് അൻവർ.
പ്രചാരണമൊന്നുമില്ലാതെ എത്രയാളുകൾ പങ്കെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് മണ്ഡലത്തിലെ തന്റെ സ്വാധീനം തെളിയിക്കാനുള്ള തത്രപ്പാടൊന്നും എം.എൽ.എയുടെ ഭാഗത്തു നിന്നില്ല. തന്നെ കേൾക്കാൻ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും എത്തുമെന്നുതന്നെയാണ് എം.എൽ.എ ആവർത്തിക്കുന്നത്.
അൻവറിന്റെ പരിപാടിയിൽ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് അംഗങ്ങൾക്ക് സി.പി.എം കർശന നിർദേശം നൽകിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ജനം ഒഴുകിയെത്തിയാൽ അത് സി.പി.എമ്മിന് വലിയ തിരിച്ചടിയാവും.